വത്തിക്കാൻ സിറ്റി: ജീവതിത്തിലുടനീളം ലാളിത്യം ഉയർത്തിപിടിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ശവകുടീരം സന്ദർശിക്കാൻ വിശ്വാസികളുടെ ഒഴുക്ക്. സംസ്‌കാര ചടങ്ങുകൾ കഴിഞ്ഞ് ഒരു ദിവസം മാത്രം കഴിയവേ ശവകുടീരത്തിനരികിൽ വിശ്വാസികളുടെ നീണ്ട നിരയാണ്.
സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ ഞായറാഴ്ച രാവിലെ നടന്ന പ്രത്യേക ബലിയിൽ മാത്രം ഏതാണ്ട് രണ്ട് ലക്ഷത്തിലധികം വിശ്വാസികളാണ് പങ്കെടുത്തത്. വരും ദിവസങ്ങളിലും ലാളിത്യത്തിന്റെ ആള്‍ രൂപമായിരിന്ന ഫ്രാന്‍സിസ് പാപ്പയുടെ കല്ലറയ്ക്കരികെ എത്തി പ്രാര്‍ത്ഥിക്കുവാന്‍ ആയിരങ്ങള്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.
മാർപാപ്പയുടെ ശവകുടീരത്തിന്റെ ചിത്രങ്ങളും വത്തിക്കാന്‍ ഇന്നലെ പുറത്തുവിട്ടിരുന്നു. തന്റെ മാര്‍പാപ്പ പദവിയിലായിരിന്ന സമയത്ത് അറിയപ്പെട്ടിരുന്ന ഫ്രാന്‍സിസ് എന്ന പേര് മാത്രം വഹിക്കുന്ന കല്ലറയിൽ ഒരു വെളുത്ത റോസാപ്പൂവുള്ളത് ചിത്രങ്ങളില്‍ ദൃശ്യമാണ്. മുകളില്‍ ഒരു കുരിശുരൂപവും മധ്യഭാഗത്ത് സ്പോട്ട് ലൈറ്റും പ്രകാശിപ്പിച്ചിട്ടുണ്ട്. മറ്റ് യാതൊരു അലങ്കാരങ്ങളോ കൊത്തുപണികളോ ഒന്നും കല്ലറയിലില്ല. തന്റെ കല്ലറ ലളിതമായിരിക്കണമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഗ്രഹം പൂര്‍ത്തിയാക്കിക്കൊണ്ടാണ് വത്തിക്കാന്‍ കല്ലറ ലളിതമായി ഒരുക്കിയിരിക്കുന്നത്.