കൊച്ചി: സീറോ മലബാര്‍ സഭയുടെ സമുദായ സംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ് രൂപീകൃതമായിട്ട് 107 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. കത്തോലിക്ക കോണ്‍ഗ്രസിന്റെ ജന്മവാര്‍ഷികം മെയ് 17,18 തിയതികളില്‍ പാലക്കാട് വെച്ച് അന്താരാഷ്ട്ര സമ്മേളനവും അവകാശ പ്രഖ്യാപന റാലിയും ഉള്‍പ്പെടെ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു.
മെയ് 18 ന് നടക്കുന്ന മഹാസമ്മേളനം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. 'സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് 'എന്ന മുദ്രാവാക്യത്തോടെ നടക്കുന്ന മഹാസംഗമത്തില്‍ സഭാ മേലധ്യക്ഷന്മാരും സമുദായ നേതാക്കളും പങ്കെടുക്കും.
കത്തോലിക്ക സമുദായത്തിന്റെ സാമൂഹികവും സാംസ്‌കാരികവും രാഷ്ട്രീയവുമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയും പൊതുസമൂഹത്തിന്റെ ആവശ്യങ്ങളില്‍ ഇടപെടുന്നതിനും വേണ്ടിയാണ് 1918 ല്‍ കത്തോലിക്ക കോണ്‍ഗ്രസ് രൂപീകൃതമായത്. കാര്‍ഷിക പ്രതിസന്ധികളിലും വിദ്യാഭ്യാസ പ്രശ്‌നങ്ങളിലും ന്യൂനപക്ഷ അവകാശ ധ്വംസനങ്ങളിലും സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളിലും മലയോര, തീരദേശ മേഖലകളിലെ പ്രശ്‌നങ്ങളിലും ശക്തമായ ഇടപെടലുകള്‍ നടത്തിയ കത്തോലിക്കാ കോണ്‍ഗ്രസ്, ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുന്നതിനും സാംസ്‌കാരികവും വിശ്വാസപരവുമായ അധിനിവേശത്തെ ചെറുക്കുന്നതിനും ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതിനെതിരെയും ശക്തമായ പോരാട്ടങ്ങളാണ് നടത്തുന്നത്.
മെയ് 17 ന് താമരശേരി രൂപതയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ടില്‍ നിന്നും പതാക പ്രയാണവും തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ പാലയൂരില്‍ നിന്ന് തോമാശ്ലീഹായുടെ ഛായാചിത്ര പ്രയാണവും നടക്കും. പ്രയാണങ്ങള്‍ വൈകുന്നേരം അഞ്ചിന് പാലക്കാട് കത്തീഡ്രല്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന് പതാക ഉയര്‍ത്തല്‍ നടത്തും. മെയ് 18 ന് രാവിലെ 10 ന് കേന്ദ്ര പ്രതിനിധി സഭാ സമ്മേളനം മുണ്ടൂര്‍ യുവക്ഷേത്രയില്‍ വെച്ചു നടത്തപ്പെടും.
44 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും എല്ലാ രൂപതകളില്‍ നിന്നുമുള്ള ഭാരവാഹികളും പങ്കെടുക്കും. ഉച്ചകഴിഞ്ഞ് 2:30 ന് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന അവകാശ പ്രഖ്യാപന റാലി പാലക്കാട് കോട്ട മൈതാനത്ത് നിന്നും ആരംഭിച്ച് പാലക്കാട് സെന്റ് റാഫേല്‍ കത്തീഡ്രല്‍ പള്ളി അങ്കണത്തിലെ സമ്മേളനവേദിയില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന അന്തരാഷ്ട്ര സമുദായ സമ്മേളനത്തില്‍ സഭാമേലധ്യക്ഷന്മാരും സമുദായ നേതാക്കളും സമുദായത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ അവകാശങ്ങള്‍ പ്രഖ്യാപിക്കും. വിവിധ പ്ലോട്ടുകളുടെ അകമ്പടിയോടെയുള്ള റാലിയില്‍ എല്ലാ രൂപതകളില്‍ നിന്നുമുള്ള സമുദായ അംഗങ്ങളും പാലക്കാട് രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള സമുദായ അംഗങ്ങളും യുവ ജനങ്ങളും പങ്കെടുക്കും.
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് സഭാ നേതൃത്വത്തോടും സമുദായ നേതൃത്വത്തോടും ചര്‍ച്ച ചെയ്ത് നടപ്പാക്കണമെന്നും, റബ്ബര്‍, നെല്ല്, നാളികേരം ഉള്‍പ്പെടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പാക്കണമെന്നും വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും ലഹരി മാഫിയയില്‍ നിന്നും സംസ്ഥാനത്തെ രക്ഷിക്കണമെന്നും വിവിധ കേന്ദ്രങ്ങളില്‍ നിന്നും സമുദായത്തിന് നേരെയുണ്ടാകുന്ന ഗൂഡോദ്ദേശപരമായ അധിനിവേശങ്ങള്‍ അവസാനിപ്പിക്കണമെന്നും ഉള്ളതാണ് ഈ സമ്മേളനം ഉയര്‍ത്തുന്ന പ്രധാനപ്പെട്ട ആവശ്യങ്ങള്‍.