വത്തിക്കാന്‍ സിറ്റി: മെയ് 18ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങ് നടക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഞായറാഴ്ച റോമിലെ സമയം രാവിലെ 10 മണിയോടെയായിരിക്കും ചടങ്ങുകൾ. കർദിനാൾ സംഘത്തിന്റെ ഡീൻ ജിയോവാനി ബാറ്റിസ്റ്റ റേ ചടങ്ങുകളിൽ മുഖ്യ കാർമികത്വം വഹിക്കും.
നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽനിന്ന് ചത്വരത്തിലെ വിശ്വാസികളോടൊപ്പം 12 മണിക്ക് ത്രികാലജപം ചൊല്ലും. തിങ്കളാഴ്‌ച വത്തിക്കാനിലുള്ള ലോകമെങ്ങും നിന്നുള്ള മാധ്യമപ്രവർത്തകരുമായും 16ന് വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും.
മാർപാപ്പ ശനിയാഴ്ച (17) കർദിനാൾമാരുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച (19) അന്താരാഷ്‌ട്ര മാധ്യമങ്ങളുമായും വെള്ളിയാഴ്ച നയതന്ത്ര പ്രതിനിധികളുമായും (മിഷൻ മേധാവികൾ) കൂടിക്കാഴ്ച നടത്തും. പുതിയ പാപ്പയായി ചുമതലയേറ്റതിന് ശേഷം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിന് മുന്‍പിലെത്തുന്ന ആയിരക്കണക്കിനു വരുന്ന വിശ്വാസികള്‍ക്ക് 21ന് ദര്‍ശനം അനുവദിക്കുമെന്നും വത്തിക്കാന്‍ അറിയിച്ചു.
ഈമാസം 21 നായിരിക്കും പോൾ ആറാമൻ ഹാളിൽ നടന്ന് വരാറുള്ള ആദ്യത്തെ പ്രതിവാര പൊതുജന സമ്പർക്ക പരിപാടി. 24ന് റോമൻ കൂരിയയുമായും വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തും. മെയ് 25 ഞായറാഴ്ച സന്ദേശവും ത്രികാലജപ പ്രാര്‍ത്ഥനയും നടക്കും. സെന്റ് ജോൺ ഓഫ് ലാറ്ററൻ പേപ്പൽ ബസിലിക്കയുടെയും സെന്റ് മേരി മേജർ പേപ്പൽ ബസിലിക്കയുടെയും അധികാര സ്ഥാനമേറ്റെടുക്കലും നടത്തും.
യുഎസിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയാണ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമൻ. ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റും ചിക്ലായോയിലെ ആർച്ച് ബിഷപ്പ് എമെറിറ്റസുമായിരുന്നു അദേഹം.
1955 സെപ്റ്റംബർ 14ന് ചിക്കാഗോയിലെ ഇല്ലിനോയിസിലാണ് ജനിച്ചത്. 1977ൽ സെന്റ് ലൂയിസിലെ ഔവർ ലേഡി ഓഫ് ഗുഡ് കൗൺസിലിന്റെ പരിധിയിലുള്ള ഓർഡർ ഓഫ് സെന്റ് അഗസ്റ്റിൻ (ഒ.എസ്.എ.) യുടെ നോവിഷ്യേറ്റിൽ പ്രവേശിച്ചു. 1981 ഓഗസ്റ്റ് 29ന് വ്രതം സ്വീകരിച്ചു. ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കൽ യൂണിയനിൽ പഠിച്ച അദ്ദേഹം ദൈവശാസ്ത്രത്തിൽ ഡിപ്ലോമ നേടി.