ലിയോ പതിമൂന്നാമന്റെ പൈതൃകം: ലിയോ പതിനാലാമനിലേക്കുള്ള പ്രയാണം

ലിയോ പതിമൂന്നാമന്റെ പൈതൃകം: ലിയോ പതിനാലാമനിലേക്കുള്ള പ്രയാണം

"സഭയുടെ ദൈവശാസ്ത്രം, സാമൂഹിക വീക്ഷണം, ശാസ്ത്രീയ കാഴ്ചപ്പാടുകൾ എന്നിവയിലും തിരുഹൃദയ ഭക്തി, മാതൃ ഭക്തി, വിശുദ്ധ മിഖായേലിനോടുള്ള ഭക്തി, പൗരസ്ത്യ സഭകളുടെ പ്രാധാന്യം, സഭയുടെ അന്താരാഷ്ട്ര ബന്ധങ്ങൾ എന്നീ വിഷയങ്ങളിലെല്ലാം ഉറച്ച കാഴ്ചപ്പാടും അറിവും നിലപാടുമുണ്ടായിരുന്ന ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പിന്തുടർച്ച അവകാശപ്പെട്ടുകൊണ്ട് പുതിയ പാപ്പ ലിയോ പതിനാലാമൻ എന്ന നാമം സ്വീകരിച്ച് പ്രവർത്തനം ആരംഭിക്കുമ്പോൾ, ലോകം ഉറ്റുനോക്കുന്നത് മൂന്നാം സഹസ്രാബ്ദത്തിലെ സഭയുടെ നവചൈതന്യമാർന്ന മുഖത്തെയാണ്.

നമ്മുടെ ലിയോ പതിനാലാമൻ പാപ്പായെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ കുറിക്കുന്ന സമയങ്ങളിലെല്ലാം ഞാൻ അറിയാതെ ലിയോ പതിമൂന്നാമൻ എന്ന് എഴുതുകയും പല സുഹൃത്തുക്കളും ഒന്നിലധികം തവണ എന്നെ തിരുത്തുകയും ചെയ്തിട്ടുണ്ട്. ഞാൻ ജനിക്കുന്നതിനും ദശാബ്ദങ്ങൾക്ക് മുൻപ് സഭയെ നയിച്ചവരിൽ എന്റെ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിൽക്കുന്ന പാപ്പയാണ് ലിയോ പതിമൂന്നാമൻ. എന്റെ പ്രസംഗങ്ങളിൽ പലപ്പോഴും അദ്ദേഹവുമായി ബന്ധപ്പെട്ട പല സംഭവങ്ങളും തിരുവെഴുത്തുകളും പരാമർശിക്കുക പതിവായിരുന്നു. എന്നാൽ ലോകം വീണ്ടും അദ്ദേഹത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് സഭയ്ക്കും പുതിയ പാപ്പയ്ക്കും പ്രയോജനകരമാകും.

ഞാൻ ഏറ്റവും അധികം ഇഷ്ടപ്പെടുകയും ഏറ്റവും അധിക നാൾ സജീവമായി പ്രവർത്തിക്കുകയും ചെയ്ത ചെറുപുഷ്പ മിഷൻ ലീഗിന്റെ ആപ്തവാക്യം തന്നെ ലിയോ പതിമൂന്നാമൻ മാർപ്പാപ്പയുടെ പ്രസിദ്ധമായ "ഭാരതമേ നിൻ രക്ഷ നിൻ മക്കളിൽ" എന്ന വാചകമാണ്.

സിറോ മലബാർ സഭയുടെ അഭിമാനമായി തലയെടുപ്പോടെ നിൽക്കുന്ന ത്യശൂർ വികാരിയാത്തും ചങ്ങനാശ്ശേരി അതിരൂപതയുടെ പൂർവരൂപമായ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതും ലിയോ പതിമൂന്നാമൻ മാർപ്പാപ്പയായിരുന്നു.

പൗരസ്ത്യ സഭകളുടെ പാരമ്പര്യം, ആരാധനാക്രമം, പൈതൃകം, വിശ്വാസ തീക്ഷ്ണത എന്നിവ കാത്തുസൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം 1894-ൽ എഴുതിയ ഓറിയന്റലിയം ഡിഗ്നിറ്റാസ് (Orientalium Dignitas) ഇന്നും സഭയ്ക്ക് ദിശാബോധം നൽകുന്ന ഒരു പ്രധാന രേഖയാണ്.

തൊഴിലാളികളുടെ അവകാശങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ചാക്രിക ലേഖനം ‘റേരും നൊവാരും’ ഇന്നും സമത്വസുന്ദരമായ സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന എല്ലാ സംവിധാനങ്ങൾക്കും ഒരു മാർഗ്ഗദർശകമാണ്. സമൂഹത്തിൽ സമത്വം ഉണ്ടാകാനും തൊഴിലാളികളുടെ അവകാശങ്ങൾ ലഭ്യമാക്കാനും മുതലാളി-തൊഴിലാളി ശത്രുതയല്ല പരിഹാരം എന്ന് അദ്ദേഹം ഈ രേഖയിലൂടെ ലോകത്തെ ഓർമ്മിപ്പിക്കുന്നുണ്ട്.

ജപമാല ഭക്തനായിരുന്ന അദ്ദേഹമാണ് ഒക്ടോബർ മാസത്തെ ജപമാല മാസമായി പ്രഖ്യാപിച്ചത്. സഭയിൽ "റോസറി പോപ്പ്" എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

വിശ്വാസികൾക്ക് പ്രിയപ്പെട്ട വിശുദ്ധ മിഖായേൽ മാലാഖയോടുള്ള ജപം എഴുതിയതും ലിയോ പതിമൂന്നാമൻ തന്നെയാണ്.

ലോകത്തെ ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചതും തിരുഹൃദയ ഭക്തി വളർത്താൻ പ്രയത്നിച്ചതും അദ്ദേഹമായിരുന്നു.

പരിശുദ്ധാത്മാവിന്റെ അപ്പോസ്തോല എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട എലീന ഗുവേര അന്നത്തെ മാർപ്പാപ്പയായിരുന്ന ലിയോ പതിമൂന്നാമന് ഏകദേശം 13 കത്തുകൾ എഴുതി ഒരു പുതിയ പെന്തക്കുസ്ത സഭയിൽ ഉണ്ടാകാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഫലമായി പ്രൊവിഡ മാട്രിസ് കാരിറ്റേറ്റ് (Provida Matris Caritate, 1895) എന്ന ചാക്രിക ലേഖനം എഴുതുകയും പരിശുദ്ധാത്മാവിന്റെ കാറ്റിനായി സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വാതിലുകൾ തുറക്കുകയും ചെയ്തു. തുടർന്നും അദ്ദേഹം പരിശുദ്ധാത്മാവിനെക്കുറിച്ച് ചാക്രിക ലേഖനം എഴുതുകയും മെത്രാന്മാരെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങൾക്ക് വിധേയരാക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെയും രണ്ടാം വത്തിക്കാൻ കൗൺസിലിന്റെയും തുടക്കത്തിന് കാരണമായത് സഭയുടെ വാതിലുകൾ പരിശുദ്ധാത്മാവിന് സമർപ്പിച്ചതിന്റെ ഫലമാണെന്ന് പ്രശസ്ത ദൈവശാസ്ത്രജ്ഞനും മാർപ്പാപ്പാമാരുടെ കുമ്പസാരക്കാരനുമായ കർദ്ദിനാൾ കണ്ടലമേസ്സ ഉറപ്പിച്ചു പറയുന്നു.

ഏതായാലും ലിയോ പതിമൂന്നാമന്റെ പാത പിന്തുടർന്ന് പുതിയ മാർപ്പാപ്പ ലിയോ പതിനാലാമൻ എന്ന പേര് സ്വീകരിച്ച് ശുശ്രൂഷാ നേതൃത്വം ഏറ്റെടുക്കുമ്പോൾ കത്തോലിക്കാ സഭയ്ക്ക് വീണ്ടും ഒരു പുതിയ പെന്തക്കുസ്ത സംജാതമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു."

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.