വന്‍ അപകടകാരികളായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തി; ചൈനീസ് ഗവേഷകരായ യുവാവും യുവതിയും പിടിയില്‍

വന്‍ അപകടകാരികളായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തി;  ചൈനീസ് ഗവേഷകരായ യുവാവും യുവതിയും പിടിയില്‍

മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണി; ഭക്ഷ്യ ക്ഷാമത്തിനും കാരണമാകും.

വാഷിങ്ടണ്‍: വന്‍ അപകടകാരികളായ രോഗാണുക്കളെ അമേരിക്കയിലേക്ക് കടത്തിയ രണ്ട് യുവ ഗവേഷകരെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അറസ്റ്റ് ചെയ്തു. ചൈനീസ് സര്‍വകലാശാലയിലെ ഗവേഷകനായ സുയോങ് ലിയു (34), ഇയാളുടെ പെണ്‍സുഹൃത്തും അമേരിക്കയിലെ മിഷിഗന്‍ സര്‍വകലാശാലയില്‍ ഗവേഷകയുമായ യുന്‍ കിങ് ജിയാന്‍ (33) എന്നിവരാണ് പിടിയിലായത്.

കാര്‍ഷിക വിളകള്‍ക്ക് വന്‍ നാശം വിതയ്ക്കുന്ന അപകടകരമായ ഫംഗസാണ് ഗവേഷണ ആവശ്യങ്ങള്‍ക്കായി ഇരുവരും അമേരിക്കയിലേക്ക് കടത്തിയതെന്നാണ് എഫ്ബിഐ പറയുന്നത്. 'ഫ്യൂസേറിയം ഗ്രാമിനീറം' എന്ന പേരിലറിയപ്പെടുന്ന ഫംഗസാണ് ഇവര്‍ വിമാന മാര്‍ഗം യുഎസിലേക്ക് എത്തിച്ചത്.

അരി, ഗോതമ്പ്, ചോളം, ബാര്‍ളി എന്നിവയെ ബാധിക്കുന്ന 'ഹെഡ് ബ്ലൈറ്റ്' എന്ന ഫംഗസ് ഉണ്ടാക്കുന്ന ഈ രോഗാണുആഗോള ഭക്ഷ്യ സുരക്ഷയ്ക്കും പൊതുജനാരോഗ്യത്തിനും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതാണ്. കാര്‍ഷിക വിളകള്‍ക്ക് നാശം വിതയ്ക്കുന്ന ഈ ഫംഗസിനെ കാര്‍ഷിക തീവ്രവാദത്തിന് ആയുധമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

കാര്‍ഷിക വിളകള്‍ക്ക് വന്‍ തോതില്‍ നാശമുണ്ടായാല്‍ അത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാകും രാജ്യത്തിനുണ്ടാക്കുക. മാത്രമല്ല, ഈ ഫംഗസിലെ വിഷവസ്തു മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ഒരുപോലെ അപകട ഭീഷണിയാണ്. ഇതുമൂലം മനുഷ്യര്‍ക്ക് ഛര്‍ദി, കരളിന് തകരാര്‍ തുടങ്ങിയവയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ പറയുന്നു.


അറസ്റ്റിലായ രണ്ട് പേരും ഈ ഫംഗസിനെ സംബന്ധിച്ചുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. 2024 ജൂലൈയില്‍ പെണ്‍സുഹൃത്തിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സുയോങ് ലിയു ചൈനയില്‍ നിന്ന് ഫംഗസ് അമേരിക്കയിലേക്ക് കൊണ്ടു വന്നത്.

ഡിട്രോയിറ്റ് മെട്രോപൊളിറ്റന്‍ വിമാനത്താവളം വഴിയാണ് ഇയാള്‍ യുഎസിലെത്തിയത്. മിഷിഗന്‍ സര്‍വകലാശാല ലാബില്‍ ഗവേഷണം നടത്താനായാണ് ഇത് കൊണ്ടുവന്നതെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. അറസ്റ്റിലായ യുവതിക്ക് ചൈനയില്‍ ഇതേ ഫംഗസ് സംബന്ധിച്ച് ഗവേഷണം നടത്താനായി ചൈനീസ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായും യു.എസ് അധികൃതര്‍ പറഞ്ഞു.

യുവതിക്ക് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് അവരുടെ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഉള്‍പ്പെടെ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ പറഞ്ഞു.

ഗൂഢാലോചന, അമേരിക്കയിലേക്കുള്ള കള്ളക്കടത്ത്, വിസ തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ എഫ്ബിഐയും അമേരിക്കന്‍ കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനുമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.