അബുജ: നൈജീരിയയിലെ ബെനുവിൽ ബോക്കോ ഹറാം തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 100 പേര്‍ കൊല്ലപ്പെട്ടതായി ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട്. വെളളിയാഴ്ച രാത്രി ആരംഭിച്ച ആക്രമണം ശനിയാഴ്ച പുലര്‍ച്ചെ വരെ തുടര്‍ന്നെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും നിരവധി പേരെ കാണാതായെന്നും പോസ്റ്റില്‍ പറയുന്നു.
നോര്‍ത്ത് സെന്‍ട്രല്‍ നൈജീരിയയിലെ ഗുമ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലാണ് ആയുധധാരികളുടെ ആക്രമണമുണ്ടായത്. തോക്കേന്തിയെത്തിയ സംഘം ഗ്രാമത്തിലുളളവര്‍ക്കുനേരെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
'ബെനുവില്‍ ദിവസേനയെന്നോണം ഉണ്ടാകുന്ന രക്തച്ചൊരിച്ചിലുകള്‍ അവസാനിപ്പിക്കാന്‍ നൈജീരിയന്‍ അധികാരികള്‍ തയ്യാറാവണം. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്.
ബെനുവിലുടനീളം നിരന്തരമായി നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ വന്‍ തോതിലുളള കുടിയിറക്കങ്ങള്‍ക്ക് കാരണമാവുകയും ഭക്ഷ്യസുരക്ഷയെ വരെ ബാധിക്കുകയും ചെയ്യും. ഇരകളില്‍ ഭൂരിഭാഗവും കര്‍ഷകരാണ്. അക്രമം തടയുന്നതില്‍ നൈജീരിയന്‍ അധികാരികള്‍ പരാജയപ്പെടുന്നത് പ്രദേശത്തെ ജനങ്ങളുടെ ജീവനും ജീവിതത്തിനും ഭീഷണിയാവുകയാണ്. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഇനിയും കൂടുതല്‍ ജനങ്ങളുടെ ജീവന്‍ നഷ്ടമാകും എന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പങ്കിട്ട കുറിപ്പിൽ പറയുന്നു.