ടെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിക്ക് ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ അതേ വിധിയായിരിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ വകുപ്പ് മന്ത്രി ഇസ്രയേല്‍ കാറ്റ്്‌സ്. ഖൊമേനിയെ വധിക്കുകയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കാറ്റ്‌സിന്റെ പ്രതികരണം.
യുദ്ധക്കുറ്റങ്ങള്‍ തുടരുന്നതിനെതിരെയും ഇസ്രയേലിലെ പൗരന്മാര്‍ക്ക് നേരെ മിസൈലുകള്‍ വിക്ഷേപിക്കുന്നതിനെതിരെയും ഇറാന്‍ ഏകാധിപതിക്ക് മുന്നറിയിപ്പ് നല്‍കുന്നുവെന്നും അദേഹം പറഞ്ഞു. ടെഹ്‌റാനിലെ ഭരണകൂടത്തിനും സൈനിക കേന്ദ്രങ്ങള്‍ക്കുമെതിരെ ഇനിയും ആക്രമണം ഉണ്ടാകുമെന്ന് കാറ്റ്സ് പറഞ്ഞു.
എന്നാല്‍ യുദ്ധത്തിന്റെ ലക്ഷ്യം ആയത്തുള്ള അലി ഖൊമേനിയാണോ എന്ന ചോദ്യത്തിന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഇപ്പോള്‍ നടത്താന്‍ സാധിക്കില്ല എന്നായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. ഇറാന്‍ എല്ലായിടത്തും ഭീകരതയും അട്ടിമറിയും വ്യാപിപ്പിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം ഇസ്രയേലില്‍ അടുത്ത ഘട്ട ആക്രമണം നടത്തിയെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് സ്ഥിരീകരിച്ചു. വളരെ ശക്തമായ പുതിയ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്നാണ് ഐആര്‍ജിസിയെ ഉദ്ധരിച്ച് ഇര്‍ന ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. വരും മണിക്കൂറുകളില്‍ അത് കൂടുതല്‍ ശക്തമാക്കുമെന്ന് കരസേനാ കമാന്‍ഡര്‍ കിയോമര്‍സ് ഹെയ്ദാരി പറഞ്ഞതായും ന്യൂസ് ഏജന്‍സിവ്യക്തമാക്കി.