വത്തിക്കാൻ സിറ്റി: വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ കത്തോലിക്കാ സഭയുടെ മുപ്പത്തിയെട്ടാമത്തെ വേദപാരംഗതൻ ആയി ലിയോ പതിനാലമൻ മാർപാപ്പ പ്രഖ്യാപിച്ചു. സകല വിശുദ്ധരുടെയും തിരുനാൾ ദിനത്തിൽ വത്തിക്കാൻ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ അൻപതിനായിരത്തിലധികം വിശ്വാസികളുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രഖ്യാപനം.
വിശുദ്ധരുടെ കാര്യാലയത്തിന്റെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോ ന്യൂമാന്റെ ജീവചരിത്രം വായിക്കുകയും വിശുദ്ധനെ സഭയുടെ വേദപാരംഗതനായി പ്രഖ്യാപിക്കണമെന്ന് പാപ്പയോട് ഔപചാരികമായി അഭ്യർത്ഥിക്കുകയും ചെയ്തു.ഇതിന് പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനം നടന്നത്.
വിശുദ്ധിയിലേക്കുള്ള വിളി എല്ലാവർക്കുമുള്ള ഒരു വിളിയാണെന്നും നിങ്ങൾ വിശുദ്ധരാകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് ബെനഡിക്ട് പതിനാറാമൻ പാപ്പാ യുവജനങ്ങളോട് പറഞ്ഞത് അനുസ്മരിക്കുകയാണെന്നും പാപ്പ പറഞ്ഞു. സ്‌കൂളുകളെ സംവാദത്തിന്റെയും സമാധാനത്തിന്റെയും സംസ്കാരത്തിലേക്കുള്ള ഒരു കവാടമാക്കി മാറ്റാൻ പാപ്പാ ആഹ്വാനം ചെയ്തു. നിരാശയിലേക്ക് നയിക്കുന്ന ചിന്തകളെ ഉപേക്ഷിച്ച് ലോകത്തെങ്ങും പ്രത്യാശ പരത്താൻ വിദ്യാഭ്യാസലോകത്തുള്ളവരുൾപ്പെടെ ഏവരോടും പാപ്പ ആവശ്യപ്പെട്ടു.
കർദിനാൾ ന്യൂമാന് ആരായിരുന്നു?
ഇംഗ്ലണ്ടിൽ ഏറ്റവും അധികം ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന കത്തോലിക്കാ ആചാര്യനാണ് കർദിനാൾ ഹെൻറി ന്യൂമാൻ. ഹെൻറി ന്യൂമാൻ ആഗ്ലിക്കൻ സഭാംഗമായാണ് (ചർച്ച് ഓഫ് ഇംഗ്ലണ്ട്) ജനിച്ചതും വളർന്നതും. ആംഗ്ലിക്കൻ പുരോഹിതനായിരുന്ന അദേഹം ഇരുസഭകളിലും പുണ്യപുരുഷനായി വന്ദിക്കപ്പെടുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്.
ആഗോളതലത്തിൽ സഭ ഉപയോഗിക്കുന്ന വിഖ്യാതമായ പല പ്രാർഥനകളുടെയും രചയിതാവാണ് കർദിനാൾ ന്യൂമാൻ. 1801ൽ ലണ്ടനിലായിരുന്നു ജനനം. വൈദികനായിരിക്കെത്തന്നെ ഓക്സ്ഫെഡിൽ പ്രഫസറായ അദേഹം സുവിശേഷ പ്രഭാഷണങ്ങളിലൂടെയാണ് ഏറെ ശ്രദ്ധേയനായത്.
ആംഗ്ലിക്കൻ സഭയുടെ നവീകരണം ലക്ഷ്യമിട്ട് അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ ഏറെ ശ്രദ്ധേയമായി. ഇതു പിന്തുടർന്നെത്തിയവരുടെ കൂട്ടായ്മ പിന്നീട് ഓക്സ്ഫെഡ് മൂവ്മെന്റ് എന്നപേരിൽ വിഖ്യാതമായി.
1841ൽ പ്രസിദ്ധീകരിച്ച ഒരു ലഘുപുസ്തകം ആംഗ്ലിക്കൻ സഭയിലെ അദേഹത്തിന്റെ സ്ഥാനങ്ങൾ ഉപേക്ഷിക്കുന്നതിലേക്കു നയിച്ചു. ഇതോടെ 45 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ആംഗ്ലിക്കൻ സഭയോടു വിടപറഞ്ഞു.
1842 ൽ ഏതാനും സുഹൃത്തുക്കളോടൊപ്പം ലിറ്റിൽ മോർ എന്ന സ്ഥലത്ത് അർധതാപസ ജീവിതം നടത്തി. 1845 ലായിരുന്നു ഡൊമിനിക് ബാർബറെ എന്ന വൈദികൻ ന്യൂമാനെ സഭയിലേക്ക് സ്വീകരിച്ചത്. പിന്നീട് റോമിൽപോയി വൈദിക പട്ടം സ്വീകരിച്ചു.
പീയൂസ് ഒമ്പതാമൻ മാർപാപ്പ ന്യൂമാന് ഡോക്ടർ ഓഫ് ഡിവിനിറ്റി ബിരുദം നൽകി ആദരിച്ചു.
പിന്നീട് ഏറെക്കാലും ഇംഗ്ലണ്ടിലെ കത്തോലിക്കാ സഭാവിരുദ്ധ പ്രചാരണങ്ങളെ നേരിടുന്നതിൽ മുൻപന്തിയിൽ നിന്നത് ന്യൂമാനായിരുന്നു. 1879ൽ ലിയോ പതിമ്മൂന്നാമൻ മാർപാപ്പ ന്യൂമാനെ കർദിനാൾ പദവിയിലേക്കുയർത്തി.
1890 ഓഗസ്റ്റ് 11 ന് ബർമിങ്ങാമിലായിരുന്നു കർദിനാൾ ന്യൂമാന്റെ മരണം.
101 വർഷത്തിനു ശേഷം ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ന്യൂമാനെ സഭയിലെ ധന്യരുടെ ഗണത്തിൽ ചേർത്തത്. പിന്നീട് 2010 ൽ ബനഡിക്ട് പതിനാറാമൻ മാർപാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.