ദോഹ: ഭീകരതയുടെ ആശയങ്ങളിലൊതുങ്ങിയ ബാല്യവും ഭയത്തിലും വെറുപ്പിലും വളർന്ന ജീവിതവും മാറ്റിമറിച്ചത് ഒരു സ്വപ്നം ആണെന്ന് ഹമാസ് നേതാവ് അബു ജാഫറിന്റെ മകള്‍ ജുവാന്‍ അല്‍ ക്വാസ്മി. ദൈവമേ, നീ ഉണ്ടെങ്കില്‍ നിന്നെ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്നെ കാണാന്‍ എനിക്ക് കഴിയട്ടെ എന്ന തന്റെ പ്രാര്‍ത്ഥനയ്ക്കുള്ള മറുപടിയായി യേശു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടതായാണ് ജുവാന്‍ വെളിപ്പെടുത്തുന്നത്.
“ഞാൻ ദൈവമായ യേശുവാണ്, നീ എന്റെ മകളാണ്… ഭയപ്പെടേണ്ട.” എന്ന് യോശു സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് മറുപടി നൽകിയെന്ന് സിബിഎന്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജുവാൻ പറഞ്ഞു.
“ആ അനുഭവം എനിക്ക് ജീവിതത്തില്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സ്നേഹവും സമാധാനവും നല്‍കി.അതിന് മുമ്പ് ഒരിക്കലും ഞാന്‍ ക്രൈസ്തവരോട് ഇടപെട്ടിട്ടില്ല. ആരും എന്നോട് യേശുവിനെക്കുറിച്ച് പറഞ്ഞിട്ടുമില്ല. ആദ്യമായിട്ട് ഒരു വ്യക്തി എന്നെ സ്‌നേഹിക്കുന്നായി അന്ന് എനിക്ക് അനുഭവപ്പെട്ടു. എന്റെ കുടുംബത്തില്‍ ഞാന്‍ സ്‌നേഹം അനുഭവിച്ചിട്ടില്ല. വാസ്തവത്തില്‍ എനിക്ക് കുടുംബാംഗങ്ങളോട് സ്‌നേഹമുണ്ട്. എന്നാല്‍ എനിക്ക് ഒരിക്കലും സമാധാനമുണ്ടായിരുന്നില്ല.“ജുവാന്‍ വെളിപ്പെടുത്തി.
തുടര്‍ന്ന് യേശ്വ എന്ന പേര് ഗൂഗിളില്‍ തിരഞ്ഞപ്പോൾ ഒരു ഈജിപ്ഷ്യന്‍ ക്രിസ്ത്യാനിയുടെ പേജിലാണ് ആദ്യം എത്തിയത്. ആ പേജ് തുറന്നതും ശത്രുക്കളെ സ്‌നേഹിക്കുവിന്‍ എന്ന ബൈബിള്‍ വചനമാണ് കണ്ടത്. അതുവരെ ശത്രുക്കളെ ഇല്ലായ്മ ചെയ്യുവാന്‍ പഠിച്ചിരുന്ന എനിക്ക് ആ വചനം ഏറെ ആകര്‍ഷണമായി തോന്നി. അതിനാല്‍ ഈ പേജിന്റെ അഡ്മിന് സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങി. ബൈബിള്‍ വായിക്കാനാണ് അഡ്മിന്‍ ആവശ്യപ്പെട്ടതെന്ന് ജുവാൻ പറയുന്നു.
ആയിരക്കണക്കിന് മുസ്ലീങ്ങള്‍ സ്വപ്‌നത്തില്‍ യേശുവിനെ കാണുകയും ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് ആ വ്യക്തി പറഞ്ഞെന്നും ജുവാൻ കൂട്ടിച്ചേർത്തു.