'ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആക്രമണത്തിന് ശേഷം ശേഖരിച്ച ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളുടെ വിശദമായ പരിശോധനയില്‍ നതാന്‍സിലെ ഭൂഗര്‍ഭ സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ നേരിട്ട് പ്രത്യാഘാതങ്ങളേറ്റിട്ടുണ്ടെന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുന്നു'- അന്താരാഷ്ട്ര ആണവോര്‍ജ സമിതി എക്സ് പോസ്റ്റില്‍ കുറിച്ചു.
ടെഹ്‌റാന്‍: അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് തള്ളി യു.എന്‍ ആണവോര്‍ജ സമിതി. ഇറാന്റെ ഏറ്റവും രഹസ്യമായതും സുരക്ഷിതമായതുമായ നതാന്‍സിലെ ഭൂഗര്‍ഭ ആണവ കേന്ദ്രത്തില്‍ ഇസ്രയേല്‍ പ്രിസിഷന്‍ ആക്രമണം നടത്തിയെന്നാണ് യു.എന്‍ അന്താരാഷ്ട്ര ആണവോര്‍ജ സമിതി പുറത്തു വിട്ട വിവരം.
ഭൂമിക്കടിയില്‍ സ്ഥിതി ചെയ്യുന്ന നതാന്‍സ് ന്യൂക്‌ളിയാര്‍ കോംപ്‌ളക്സിലേക്കാണ് ഇസ്രയേല്‍ കൃത്യമായ ആക്രമണം നടത്തിയത്. ഭൂമിക്കടിയിലായതിനാല്‍ ഈ ആണവ കേന്ദ്രം ആരും കണ്ടെത്തില്ലെന്നാണ് ഇറാന്‍ ഇതുവരെ കരുതിയിരുന്നത്. ഭൂമിക്കടിയിലുള്ള പരീക്ഷണ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ മിസൈലുകള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നായിരുന്നു യു.എസ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്.
ഭൂഗര്‍ഭ ആണവ നിലയത്തിലെ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിലേക്കാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. 'ഇക്കഴിഞ്ഞ വെള്ളിയാഴ്ച നടന്ന ആക്രമണത്തിന് ശേഷം ശേഖരിച്ച ഹൈ റെസല്യൂഷന്‍ ഉപഗ്രഹ ചിത്രങ്ങളുടെ വിശദമായ പരിശോധനയില്‍ നതാന്‍സിലെ ഭൂഗര്‍ഭ സമ്പുഷ്ടീകരണ കേന്ദ്രത്തില്‍ നേരിട്ട് പ്രത്യാഘാതങ്ങളേറ്റിട്ടുണ്ടെന്ന് ഞങ്ങള്‍ സ്ഥിരീകരിക്കുന്നു'- അന്താരാഷ്ട്ര ആണവോര്‍ജ സമിതി എക്സ് പോസ്റ്റില്‍ കുറിച്ചു.
വെള്ളിയാഴ്ച മുതല്‍ ഇറാനിലെ ആണവ, സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ കനത്ത പ്രഹരമാണ് നടത്തുന്നത്. ആണവ നിര്‍വ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായ ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ അന്താരാഷ്ട്ര ആണവോര്‍ജ സമിതി ഈ ആക്രമണങ്ങളെ നിരീക്ഷിച്ചു വരികയാണ്.