ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിലെ ബ്രിസ്‌ബെയ്ൻ അതിരൂപതയിലെ പുതിയ ആർച്ച് ബിഷപ്പായി സാൻഡ്‌ഹേഴ്‌സ്റ്റ് ബിഷപ്പ് ഷെയ്ൻ മാക്കിൻലെയെ നിയമിച്ച് ലിയോ പതിനാലമാൻ മാർപാപ്പ. ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജിന്റെ പിൻഗാമിയായാണ് 60കാരനായ ഷെയ്ൻ മാക്കിൻലെയെ ആർച്ച് ബിൽപ്പായി നിയമിച്ചത്.
"ബ്രിസ്‌ബെയ്നിലെ ആർച്ച് ബിഷപ്പായി തന്നെ നിയമിച്ച ലിയോ മാർപാപ്പയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. കത്തോലിക്കാ സമൂഹത്തിന്റെ ആരാധനാക്രമം, ആത്മീയം, സുവിശേഷവൽക്കരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിൽ ശക്തമായ പാരമ്പര്യമുള്ള ഒരു രൂപതയാണിത്. പാപ്പായുടെ തീരുമാനത്തെ അംഗീകരിച്ചുകൊണ്ട് ദൈവജനത്തിന് വേണ്ടി പ്രവർത്തിക്കും"- നിയുക്ത ആർച്ച് ബിഷപ്പ് പറഞ്ഞു.
ബിഷപ്പ് മാക്കിൻലെയുടെ നിയമനത്തെ സ്വാഗതം ചെയ്യുന്നതായി ആർച്ച് ബിഷപ്പ് മാർക്ക് കോൾറിഡ്ജും പറഞ്ഞു. "ബല്ലാരറ്റിലും മെൽബണിലും പുരോഹിതനായും ബെൻഡിഗോയിൽ ബിഷപ്പായും പ്രവർത്തിച്ച വർഷങ്ങളിൽ ബിഷപ്പ് ഷെയ്ൻ തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്.-" ആർച്ച് ബിഷപ്പ് കോൾറിഡ്ജ് പറഞ്ഞു.
" ആർച്ച് ബിഷപ്പ് എന്ന ശുശ്രൂഷ മേഖലയിലും ക്വീൻസ്‌ലാൻഡിലും ഓസ്‌ട്രേലിയയിലും ക്രിസ്തീയ മൂല്യങ്ങൾ വളർത്തിയെടുക്കാനും ബിഷപ്പ് മാക്കിൻലെ ശ്രമിക്കും. ക്രൈസ്തവ വിശ്വാസത്തെ ഉപേക്ഷിച്ച് പോകുന്നവരുടെ ഇടയിൽ പ്രവർത്തിക്കാൻ ബിഷപ്പ് ഷെയ്ന് സാധിക്കും." - ആർച്ച് ബിഷപ്പ് കോൾറിഡ്ജ് കൂട്ടിച്ചേർത്തു.
1965 ൽ മെൽബണിലാണ് ബിഷപ്പ് മാക്കിൻലിയുടെ ജനനം. ബല്ലാരറ്റിൽ വളർന്ന അദേഹം1982 ൽ സെന്റ് പാട്രിക്സ് കോളേജിൽ നിന്ന് ബിരുദം നേടി. കോർപ്പസ് ക്രിസ്റ്റി കോളേജിലും കാത്തലിക് തിയോളജിക്കൽ കോളേജിലും തിയോളജി പഠിക്കുകയും മോനാഷ് സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്ര ബിരുദം നേടുകയും ചെയ്തു.
ബെൽജിയത്തിലെ ലുവെൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടുന്നതിന് മുമ്പ് നിരവധി ഇടവകകളിൽ സേവനമനുഷ്ഠിച്ചു. രൂപതയുടെ പ്രധാന നേതൃപാടവങ്ങൾ വഹിക്കുകയും സഭാ വക്താവായി പ്രവൃത്തിക്കുകയും ചെയ്തു.
2019 ജൂലൈ 23ന് ഫ്രാൻസിസ് മാർപാപ്പയാണ് സാൻഡ്ഹർസ്റ്റിലെ ബിഷപ്പായി മാക്കിൻലെയെ നിയമിച്ചത്. ഓസ്‌ട്രേലിയയിലെ അഞ്ചാം പ്ലീനറി കൗൺസിലിന്റെ വൈസ് പ്രസിഡന്റായും ബിഷപ്പുമാരുടെ സിനഡിന്റെ 16-ാമത് സാധാരണ ജനറൽ അസംബ്ലിയിലെ പ്രതിനിധിയായും മാക്കിൻലെ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. സെപ്റ്റംബർ 11 ന് ആർച്ച് ബിഷപ്പായി സ്ഥാനമേൽക്കും.