ആശങ്കയേറ്റി അമേരിക്കയുടെ 'ഡൂംസ്‌ഡേ പ്ലെയിന്‍' ആകാശ വിതാനത്ത്; ഇറാനെതിരെ യു.എസും പടയൊരുക്കത്തിനോ?..

ആശങ്കയേറ്റി അമേരിക്കയുടെ 'ഡൂംസ്‌ഡേ പ്ലെയിന്‍' ആകാശ വിതാനത്ത്; ഇറാനെതിരെ യു.എസും പടയൊരുക്കത്തിനോ?..

ആണവ ആക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന ഈ സൈനിക വിമാനത്തിന് 35 മണിക്കൂറിലധികം സമയം ലാന്‍ഡിങ് നടത്താതെ വായുവില്‍ തുടരാന്‍ സാധിക്കും.

വാഷിങ്ടണ്‍: ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടണമെന്ന തങ്ങളുടെ ആവശ്യത്തിന് വഴങ്ങാത്ത ഇറാനെതിരെ സൈനിക നടപടികള്‍ക്ക് അമേരിക്ക ഒരുങ്ങുന്നതായി വരുന്ന വാര്‍ത്തകള്‍ക്കിടെ ലൂസിയാനയിലെ ബാര്‍ക്സ് ഡെയ്ല്‍ വ്യോമ സേനാ താവളത്തില്‍ നിന്നും പറന്നുയര്‍ന്ന് യു.എസ് സൈനിക വിമാനമായ 'ഡൂംസ്‌ഡേ പ്ലെയിന്‍'.

ആണവ ആക്രമണത്തെ അതിജീവിക്കാന്‍ കഴിയുന്ന 'E-4B നൈറ്റ് വാച്ച്' എന്നറിയപ്പെടുന്ന ഈ സൈനിക വിമാനം നാല് മണിക്കൂറിലധികം ആകാശ നിരീക്ഷണം നടത്തിയ ശേഷം മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ ലാന്‍ഡ് ചെയ്തു.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലുള്ള പുതിയ നീക്കം വലിയ തോതിലുള്ള ഒരു ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നു എന്ന വിലയിരുത്തല്‍ ശക്തമാക്കി. ഇതോടെ പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്.

'ഫ്‌ളയിങ് പെന്റഗണ്‍' എന്നും അറിയപ്പെടുന്ന E-4B നൈറ്റ് വാച്ച് ആണവ ആക്രമണ സമയത്ത് പ്രതിരോധത്തിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത അമേരിക്കയുടെ നിര്‍ണായക വിമാനമാണ്. 'ORDER6' എന്ന പതിവ് കോള്‍സൈന് പകരം 'ORDER01' എന്ന പുതിയ കോള്‍സൈന്‍ ഉപയോഗിച്ചതും ആശങ്ക വര്‍ധിപ്പിക്കുന്നു.

ഒരു ആണവ ആക്രമണം ഉണ്ടാവുകയാണെങ്കില്‍ അമേരിക്കന്‍ സൈന്യത്തിന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററായി പ്രവര്‍ത്തിക്കാന്‍ E-4B നൈറ്റ് വാച്ച് വിമാനത്തിന് സാധിക്കും. ബ്രീഫിങ് റൂം, കോണ്‍ഫറന്‍സ് റൂം, ആശയവിനിമയ മേഖല, വിശ്രമത്തിനായി 18 ബങ്കുകള്‍ എന്നിവയുള്‍പ്പെടെ മൂന്ന് ഡെക്കുകളാണ് വിമാനത്തിലുള്ളത്.

പറന്നുകൊണ്ടിരിക്കുമ്പോള്‍ ഇന്ധനം നിറയ്ക്കാനുള്ള ശേഷിയുള്ളതിനാല്‍ 35 മണിക്കൂറിലധികം സമയം ലാന്‍ഡിങ് നടത്താതെ ഈ വിമാനത്തിന് വായുവില്‍ തുടരാന്‍ സാധിക്കും എന്ന സവിശേഷതയുമുണ്ട്.

ഇറാനെ ആക്രമിക്കാനുള്ള പദ്ധതികള്‍ക്ക് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതും ഇതിന്റെ സൂചനയാണ്. എന്നാല്‍, ഇറാന് നേരേ ആക്രമണം നടത്തണോ എന്നതില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യുഎസ് മാധ്യമമായ സിബിഎസ് റിപ്പോര്‍ട്ട് ചെയ്തു.

ഇറാനോട് നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ട്രംപിന്റെ ആവശ്യം ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി തള്ളിക്കളഞ്ഞു.

ഇറാനിയന്‍ ജനത കീഴടങ്ങില്ലെന്നും അമേരിക്ക ഏതെങ്കിലും രീതിയില്‍ സൈനിക ഇടപെടല്‍ നടത്തിയാല്‍ അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും അദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, 'ഗുഡ് ലക്ക്' എന്നായിരുന്നു ഖൊമേനിക്കുള്ള ട്രംപിന്റെ മറുപടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.