മോസ്‌കോ: ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ സൈനിക ഇടപെടല്‍ നടത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി റഷ്യ. ഇത് അപകടകരമായ നീക്കമാണെന്നും പ്രവചനാതീതമായ പ്രത്യാഘാതങ്ങള്‍ക്ക് വഴി തുറക്കുമെന്നുമാണ് റഷ്യയുടെ മുന്നറിയിപ്പ്. വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇറാനിലെ ബുഷെഹര്‍ ആണവനിലയത്തിന് നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയാല്‍ അത് ചെര്‍ണോബില്‍ മാതൃകയിലുള്ള ദുരന്തത്തിന് ഇടയാക്കുമെന്ന് റഷ്യയുടെ ആണവോര്‍ജ്ജ കോര്‍പ്പറേഷന്‍ മേധാവിയും മുന്നറിയിപ്പ് നല്‍കി. ബുഷെഹര്‍ സൈറ്റില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഒരു ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥന്‍ ഈ വെളിപ്പെടുത്തല്‍ തെറ്റാണെന്നും പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള ബുഷെഹര്‍ സൈറ്റില്‍ ആക്രമണം നടന്നുവെന്ന് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു. ഇറാനെതിരെ ആയുധം പ്രയോഗിക്കരുതെന്നും അത്തരത്തിലുള്ള നീക്കം പശ്ചിമേഷ്യയെ പാടെ തകര്‍ക്കുമെന്നും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ധരിപ്പിച്ചതായി റഷ്യയുടെ വിദേശകാര്യ സഹമന്ത്രി സെര്‍ഗി റിബ്കോവ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇസ്രയേലിന്റെ ഭാഗത്ത് നിന്നുള്ള ആക്രമണം ആണവ ദുരന്തത്തിന് കാരണമായേക്കാമെന്നും റഷ്യ പറഞ്ഞു.