വത്തിക്കാൻ സിറ്റി: മനുഷ്യപ്രതിഭയുടെ അസാധാരണ ഒരു ഉല്‍പന്നം മാത്രമാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന് ലിയോ പതിനാലമൻ മാർപാപ്പ. മനുഷ്യന് ഉപയോഗിക്കുവാനുള്ള ഉപകരണമായി മാത്രമായി എഐയെ കാണണമെന്നും പാപ്പ റോമില്‍ നടന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചുള്ള രണ്ടാം വാര്‍ഷിക കോണ്‍ഫറന്‍സിന് നല്‍കിയ സന്ദേശത്തിൽ പാപ്പ പറഞ്ഞു.
കൃത്രിമബുദ്ധി മനുഷ്യന്റെ വികാസത്തെ തടസപ്പെടുത്തരുത്. എഐ പുതിയ സാധ്യതകള്‍ തുറക്കുമ്പോഴും അത് മനുഷ്യാന്തസിനെയും ധാര്‍മ്മികതയെയും ലംഘിക്കരുതെന്നും പ്രത്യേകിച്ച് കുട്ടികളുടെയും യുവാക്കളുടെയും വളര്‍ച്ചയില്‍ തടസം സൃഷ്ടിക്കരുതെന്നും പാപ്പ മുന്നറിയിപ്പ് നല്‍കി.
ജനറേറ്റീവ് എഐ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകള്‍ ആരോഗ്യ രംഗത്തും ശാസ്ത്രീയ ഗവേഷണത്തിലും വലിയ നേട്ടങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ അത് പലപ്പോഴും മനുഷ്യന്റെ സത്യബോധത്തെയും യാഥാര്‍ത്ഥ്യബോധത്തെയും സ്വാധീനിക്കുന്നു. കുട്ടികളുടെയും യുവാക്കളുടെയും വളര്‍ച്ചയുമായി ബന്ധപ്പെട്ട് എഐ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ തിരിച്ചറിയണമെന്ന് പാപ്പ പറഞ്ഞു.
എഐ നല്ല കാര്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുമ്പോള്‍ അതിന് സാമൂഹിക നീതിയും ഐക്യവും വളര്‍ത്താനുള്ള ശേഷിയുണ്ട്. പക്ഷേ അതു സ്വാര്‍ത്ഥ ലാഭത്തിനോ സംഘര്‍ഷത്തിനോ ഉപയോഗിക്കപ്പെടുത്തുന്നത് അപകടകരമാണ് പാപ്പ ചൂണ്ടിക്കാണിച്ചു. മനുഷ്യന്റെ അന്തസും വൈവിധ്യവുമെല്ലാം ബഹുമാനിക്കപ്പെട്ടുകൊണ്ട് എഐയുടെ ഗുണദോഷങ്ങള്‍ വിശദമായി വിലയിരുത്തേണ്ടതാണ് എന്ന് പാപ്പ ഓര്‍മിപ്പിച്ചു.