'മെയ്ക്ക് ഇറാൻ ഗ്രേറ്റ് എഗെയ്ൻ'; ഇറാനില്‍ യുഎസ് ലക്ഷ്യമാക്കുന്നത് ഭരണമാറ്റമെന്ന സൂചന നല്‍കി ട്രംപ്

'മെയ്ക്ക് ഇറാൻ ഗ്രേറ്റ് എഗെയ്ൻ'; ഇറാനില്‍ യുഎസ് ലക്ഷ്യമാക്കുന്നത് ഭരണമാറ്റമെന്ന സൂചന നല്‍കി ട്രംപ്

വാഷിങ്ടൺ ‍ഡിസി: ഇസ്രയേലിനൊപ്പം ഇറാനില്‍ ആക്രമണങ്ങള്‍ക്ക് പങ്കാളിയായതിന് പിന്നാലെ ഇറാനില്‍ ഭരണമാറ്റം ഉണ്ടാകുന്നതിനെ അനുകൂലിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇറാന് നേരെയുള്ള യുഎസ് ആക്രമണം ഭരണമാറ്റം ലക്ഷ്യമിട്ടുള്ളതല്ലെന്ന് നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയത്.

'മെയ്ക്ക് ഇറാൻ ഗ്രേറ്റ് എഗെയ്ൻ' എന്ന മുദ്രാവാക്യവുമായാണ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്. ഭരണമാറ്റം എന്ന പദം ഉപയോഗിക്കുന്നത് രാഷ്ട്രീയമായി ശരിയല്ല, പക്ഷേ നിലവിലെ ഇറാനിയൻ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാൻ കഴിയുന്നില്ലെങ്കിൽ എന്തുകൊണ്ട് ഒരു ഭരണമാറ്റം ഉണ്ടായിക്കൂടാ? എന്നാണ് ഡൊണാള്‍ഡ് ട്രംപിന്റെ ചോദ്യം.

ഇറാനെതിരായ യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ യുഎൻ സുരക്ഷാസമിതി കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേർന്നിരുന്നു. സംഘർഷത്തിലെ യുഎസ് ഇടപെടൽ അപകടകരമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെർസ് പറഞ്ഞു. ആക്രമണങ്ങൾ പ്രതികാരത്തിന്റെ കുത്തൊഴുക്കിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.

നയതന്ത്രം നിലനിൽക്കണമെന്നും സാധാരണക്കാർ സംരക്ഷിക്കപ്പെടണമെന്നും സുരക്ഷിതമായ സമുദ്രഗതാഗതം ഉറപ്പുനൽകണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും യുഎൻ പിന്തുണയ്ക്കും. ആണവ നിർവ്യാപന ഉടമ്പടി അന്താരാഷ്ട്ര സമാധാനത്തിന്റെയും സുരക്ഷയുടെയും ആണിക്കല്ലാണ്. ഇറാൻ അതിനെ പൂർണമായും മാനിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു. എല്ലാ അംഗരാജ്യങ്ങളും യുഎൻ ചാർട്ടറിനും അന്താരാഷ്ട്ര നിയമങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കണമെന്നും യുഎൻ സെക്രട്ടറി ജനറൽ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.