യു.എന്‍ രക്ഷാ സമിതിയില്‍ 'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' ന്യായീകരിച്ച് അമേരിക്ക; വിമര്‍ശിച്ച് റഷ്യയും ചൈനയും

യു.എന്‍ രക്ഷാ സമിതിയില്‍  'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമര്‍' ന്യായീകരിച്ച് അമേരിക്ക; വിമര്‍ശിച്ച് റഷ്യയും ചൈനയും

ന്യൂയോര്‍ക്ക്: ഇറാനില്‍ നടത്തിയ 'ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറിനെ' ഐക്യരാഷ്ട്ര സഭയില്‍ ന്യായീകരിച്ച് അമേരിക്ക. ഇസ്രയേലിനെ ഇല്ലാതാക്കാനുള്ള നീക്കം നടക്കില്ലെന്നും ആ ലക്ഷ്യം ഉപേക്ഷിക്കണമെന്നും അമേരിക്ക ഇറാനോട് ആവശ്യപ്പെട്ടു.

ഇറാന്‍ പശ്ചിമേഷ്യയില്‍ പതിറ്റാണ്ടുകളായി നാശമുണ്ടാക്കുന്നുവെന്ന് യു.എന്‍ രക്ഷാ സമിതിയില്‍ അമേരിക്കന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. അമേരിക്കയുടെ സൈനിക നടപടി ഇറാന്റെ ഭീഷണി തടയാനായിരുന്നുവെന്നും അമേരിക്ക വിശദീകരിച്ചു.

അതേസമയം അമേരിക്കന്‍ ആക്രമണത്തിനെതിരെ യു.എന്നില്‍ റഷ്യയും ചൈനയും പാക്കിസ്ഥാനുമടക്കമുള്ള രാജ്യങ്ങള്‍ വിമര്‍ശിച്ചു. രാജ്യാന്തര നിയമങ്ങള്‍ ലംഘിക്കുന്നതായിരുന്നു അമേരിക്കയുടെ നടപടിയെന്ന് ചൈന ആരോപിച്ചു. മേഖലയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് റഷ്യയും ചൈനയും പാകിസ്ഥാനും ആവശ്യപ്പെട്ടു.

അതിനിടെ ഇറാന്റെ ആണവ കേന്ദ്രങ്ങളിലെ യു എസ് ആക്രമണങ്ങളെ ശക്തമായി അപലപിച്ച് പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി രംഗത്തെത്തി. ഇസ്രയേലിനും അമേരിക്കയ്ക്കും കടുത്തതും നിര്‍ണായകവുമായ തിരിച്ചടി നല്‍കുമെന്ന് അദേഹം ആവര്‍ത്തിച്ചു.

മൂന്ന് ആണവ കേന്ദ്രങ്ങളില്‍ നടന്ന യു.എസ് ആക്രമണങ്ങളില്‍ ഖമേനിയുടെ ആദ്യ പ്രതികരണമാണിത്. 'ശിക്ഷ തുടരുന്നു. സയണിസ്റ്റ് ശത്രു ഒരു വലിയ തെറ്റ് ചെയ്തു, ഒരു വലിയ കുറ്റം ചെയ്തു. അവര്‍ക്ക് ശിക്ഷ ലഭിക്കണം, അത് ലഭിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ അവര്‍ക്ക് ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുകയാണ്' - ഇതായിരുന്നു ഖൊമേനിയുടെ പ്രതികരണം.

അതേസമയം അമേരിക്കന്‍ ആക്രമണത്തില്‍ ഇറാനിലെ ഇസ്ഫഹന്‍ ആണവ നിലയത്തില്‍ കനത്ത നാശനഷ്ടം ഉണ്ടായെന്നാണ് അന്താരാഷ്ട്ര ആണവോര്‍ജ സമിതി വ്യക്തമാക്കുന്നത്. ആണവ കേന്ദ്രത്തിലെ ടണലിലേക്കുള്ള കവാടങ്ങള്‍ തകര്‍ന്നെന്ന് അന്താരാഷ്ട്ര ആണവോര്‍ജ സമിതി അറിയിച്ചു.

ഇറാന്‍ യുറേനിയത്തിന്റെ ഭൂരിഭാഗവും ഇസ്ഫഹാനില്‍ ഭൂമിക്കടിയില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് നേരത്തെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. തകര്‍ന്ന തുരങ്കങ്ങള്‍ സ്റ്റോക്ക് പൈലിന്റെ ഭാഗമാണെന്ന് യു.എന്‍ സുരക്ഷാ കൗണ്‍സിലിന് നല്‍കിയ പ്രസ്താവനയില്‍ ഐഎഇഎ മേധാവി റാഫേല്‍ ഗ്രോസി സ്ഥിരീകരിച്ചു.

അന്താരാഷ്ട്ര ആണവോര്‍ജ സമിതിയെ അറിയിക്കാതെ തന്നെ രാജ്യത്തിന്റെ ആണവ കേന്ദ്രങ്ങള്‍ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഇറാന്‍ വ്യക്തമാക്കിയതായും അവര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.