ആർച്ച് ബിഷപ്പ് വർ​ഗീസ് ചക്കാലക്കൽ ഉൾപ്പെടെ 54 മെത്രാപ്പോലീത്തമാർക്ക് മാർപാപ്പ ഇന്ന് പാലീയം നൽകും

ആർച്ച് ബിഷപ്പ് വർ​ഗീസ് ചക്കാലക്കൽ ഉൾപ്പെടെ 54 മെത്രാപ്പോലീത്തമാർക്ക് മാർപാപ്പ ഇന്ന് പാലീയം നൽകും

വത്തിക്കാൻ സിറ്റി: വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഇന്ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാന മധ്യേ ലിയൊ പതിനാലാമൻ മാർപാപ്പ ആർച്ച് ബിഷപ്പ് വർ​ഗീസ് ചക്കാലക്കൽ ഉൾപ്പടെ 54 മെത്രാപ്പോലീത്തമാർക്ക് പാലീയം നല്കും. ഇന്ത്യയിൽ നിന്നും മൂന്ന് മെത്രാന്മാർ ഉൾപ്പെടെ വിവിധ രാജ്യക്കാരായ മെത്രാന്മാർ പാലീയം സ്വീകരിക്കും. വിശുദ്ധരായ പത്രോസ്, പൗലോസ് ശ്ലീഹാന്മാരുടെ തിരുനാള്‍ ദിനത്തിലാണ് പാലീയം ശുശ്രൂഷകൾ പാരമ്പര്യമായി നടത്തി വരുന്നത്.

കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് വർ​ഗീസ് ചക്കാലക്കൽ, ബോംബെ അതിരൂപത ആർച്ച് ബിഷപ്പ് ജോൺ റൊഡ്രിഗസ്, വിശാഖപട്ടണം അതിരൂപത ആർച്ച്ബിഷപ്പ് ഉടുമല ബാല ഷോറെഡി എന്നിവരാണ് ഇന്ത്യയില്‍ നിന്ന് പാലിയം സ്വീകരിക്കുന്നവര്‍.

ഇന്ന് രാവിലെ റോമിലെ സമയം 9.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക്) ആയിരിക്കും ദിവ്യബലി ആരംഭിക്കുക. കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കേറ്റിൻറെ പ്രതിനിധി സംഘവും ഈ വിശുദ്ധ കുർബാനയിൽ പങ്കെടുക്കും.

മെട്രോപോളിറ്റന്‍ മെത്രാപ്പോലീത്തമാര്‍ക്ക് തങ്ങളുടെ സഭാധികാര പരിധിയിലുള്ള മറ്റു സാമന്ത രൂപതകളുടെ മേലുള്ള അധികാരത്തിന്റെ അടയാളം കൂടിയാണ് പാലിയം. പ്രഥമ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ പരമാധികാരത്തില്‍ സഭയിലെ പുതിയ മെത്രാപ്പോലീത്തമാരുടെ പങ്കുചേരലും സഭാതലവനായ പാപ്പായോടുള്ള വിധേയത്വവുമാണ് 'പാലിയം' അണിയിക്കലിലൂടെ പ്രതീകാത്മകമായി പ്രഖ്യാപിക്കപ്പെടുന്നത്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.