ന്യൂയോർക്ക്: കേരളത്തിൽ വേരുകളുള്ള ബഹിരാകാശ സഞ്ചാരി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്ക്. 48കാരനായ അനിൽ മേനോൻ 2026 ജൂണിൽ നിലയത്തിലേക്ക് പുറപ്പെടും. എക്സ്പെഡിഷൻ 75 എന്ന ദൗത്യത്തിന്റെ ഭാഗമായി കസാഖിസ്ഥാനിലെ ബൈക്കന്നൂർ കോസ്മോഡ്രോമിൽ നിന്ന് റഷ്യയുടെ സോയൂസ് എംഎസ്-29 പേടകത്തിലാണ് അനിൽ പുറപ്പെടുക.
എട്ട് മാസം ബഹിരാകാശ നിലയത്തിനുള്ളിൽ താമസിക്കും. യുഎസിലേക്ക് കുടിയേറിയ മലബാറിൽ നിന്നുള്ള ശങ്കരമേനോന്റെയും ഉക്രെയ്നിൽ നിന്നുള്ള ലിസ സമോലെങ്കോയുടെയും മകനാണ്. അനിൽ ജനിച്ചതും വളർന്നതുമെല്ലാം അമേരിക്കയിലാണ്. നിലവിൽ റഷ്യയിലേക്കാണ് അദേഹത്തെ പരിശീലനത്തിന് അയച്ചിരിക്കുന്നത്.
നാസയിൽ ഫ്ലൈറ്റ് സർജനായി സേവനമനുഷ്ഠിക്കവേ 2021 ലാണ് അനിൽ മേനോൻ ബഹിരാകാശ ഏജൻസിയുടെ ആസ്ട്രോനോട്ട് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. തുടർന്ന് 2024 ൽ ആസ്ട്രോനോട്ട് ആയി പരിശീലനം പൂർത്തിയാക്കി. ദീർഘകാലം യുഎസ് വ്യോമസേനയിൽ ലെഫ്റ്റനന്റ് കേണലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്പേസ് എക്സ് കമ്പനിയുടെ മെഡിക്കൽ ഡയറക്ടറുമായിരുന്നു. സ്പേസ് എക്സിന്റെ ഡ്രാഗൺ 2 ദൗത്യത്തിലടക്കം ഫ്‌ളൈറ്റ് സർജനായി ജോലി ചെയ്തു.