വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പായുടെ വേനൽക്കാല പദ്ധതികളിൽ നിന്ന് വ്യത്യസ്തമായി ലിയോ പതിനാലാമൻ പാപ്പ ഇന്ന് മാർപാപ്പാമാരുടെ വേനൽക്കാല വസതിയായി അറിയപ്പെടുന്ന കാസ്റ്റൽ ഗാൻഡോൾഫോ പ്രദേശത്തുള്ള കൊട്ടാരത്തിലേക്ക് പോകും.
ഇന്ന് ഉച്ചകഴിഞ്ഞ് കാസ്റ്റൽ ഗാൻഡോൾഫോയിലേക്ക് പോകുന്ന പാപ്പ ജൂലൈ 20ന് വത്തിക്കാനിൽ തിരികെയെത്തും. വിശ്രമത്തിനായാണ് പാപ്പാ ഇവിടെയുള്ള വേനൽക്കാല വസതിയിലേക്ക് പോകുന്നതെങ്കിലും ജൂലൈ 13ന് വില്ലനോവയിലെ സെന്റ് തോമസ് ഇടവകയിലും ജൂലൈ 20ന് അൽബാനോയിലുള്ള കത്തീഡ്രലിലും പാപ്പാ വിശുദ്ധ ബലിയർപ്പിക്കും.
ജൂലൈ 13, 20 ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിക്ക് പാപ്പാ കാസ്റ്റൽ ഗാൻഡോൾഫോയിലുള്ള സ്വാതന്ത്ര്യത്തിന്റെ ചത്വരം എന്ന സ്ഥലത്ത് ത്രിസന്ധ്യാ ജപം നയിക്കുകയും ഏവർക്കും ആശീർവാദം നൽകുകയും ചെയ്യും. ഓഗസ്റ്റ് 15 മുതൽ 17 വരെയും പാപ്പ ഈ കൊട്ടാരത്തിലായിരിക്കും ചിലവഴിക്കുകയെന്നും വത്തിക്കാൻ അറിയിച്ചു.
ജൂലൈ മൂന്നിന് കാസ്റ്റൽ ഗാൻഡോൾഫോ ലിയോ പാപ്പ സന്ദർശിച്ചിരുന്നു. പതിനേഴാം നൂറ്റാണ്ടിൽ ഊർബൻ എട്ടാമൻ പാപ്പായുടെ കാലം തൊട്ടാണ് റോമിൽ നിന്ന് 25 കിലോമീറ്ററോളം തെക്കുകിഴക്കായി അൽബാനൊ കുന്നുകളിൽ സ്ഥിതിചെയ്യുന്ന കാസ്റ്റൽ ഗാൻഡോൾഫോയിലെ ഈ ഭവനം പാപ്പാമാരുടെ വേനൽക്കാല വിശ്രമ വസതിയായത്.