ടേക്കോഫിന് നിമിഷങ്ങൾ ബാക്കിനിൽക്കെ തീപിടുത്ത മുന്നറിയിപ്പ്; വിമാനത്തിന്റെ ചിറകിൽ ചാടിക്കയറി രക്ഷപ്പെട്ട് യാത്രക്കാർ; 18 പേർക്ക് പരിക്ക്

ടേക്കോഫിന് നിമിഷങ്ങൾ ബാക്കിനിൽക്കെ തീപിടുത്ത മുന്നറിയിപ്പ്; വിമാനത്തിന്റെ ചിറകിൽ ചാടിക്കയറി രക്ഷപ്പെട്ട് യാത്രക്കാർ; 18 പേർക്ക് പരിക്ക്

പാൽമ: ടേക്കോഫിന് നിമിഷങ്ങൾക്ക് മുൻപ് റയാൻ എയർ വിമാനത്തിൽ വന്ന തീപിടുത്ത മുന്നറിയിപ്പിൽ പരിഭ്രാന്തിയിലായി യാത്രക്കാർ. സ്പെയിനിലെ പാൽമ ഡി മല്ലോർക്ക വിമാനത്താവളത്തിലാണ് സംഭവം. മുന്നറിയിപ്പിനെ തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാർ ചാടിയിറങ്ങുകയും 18 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അഗ്‌നിശമനസേനാ വിഭാഗങ്ങളടക്കം ഉടൻ അടിയന്തര ഇടപെടൽ നടത്തിയെങ്കിലും ചില യാത്രാക്കാർ വിമാനത്തിൽ നിന്ന് ചാടിയിറങ്ങിയതാണ് പരിക്കേൽക്കാനിടയാക്കിയത്. മുന്നറിയിപ്പ് ലഭിച്ചതിന് പിന്നാലെ യാത്രക്കാരെ എമർജൻസി എക്സിറ്റുകളിലൂടെ ഒഴിപ്പിച്ചിരുന്നു. എന്നാൽ ചില യാത്രക്കാർ പരിഭ്രാന്തിയിൽ ചിറകുകളിൽ കയറി നിലത്തേക്ക് ചാടുകയായിരുന്നു.

ഇതേസമയം തെറ്റായ ഫയർ അലാറം ആയിരുന്നു അതെന്നും യാത്രക്കാരെ സുരക്ഷിതമായി ടെര്‍മിനലിലെത്തിച്ചെന്നും റയന്‍ എയര്‍ പ്രസ്താവനയില്‍ പറഞ്ഞു. യാത്രക്കാരെ ഒഴിപ്പിച്ചതിന് പിന്നാലെ അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം എത്തിച്ചതായും എയര്‍ലൈന്‍ വ്യക്തമാക്കി. സംഭവത്തില്‍ എയര്‍പോര്‍ട്ട് സുരക്ഷ ഉദ്യോഗസ്ഥരും അഗ്നിശമന സേന ഉദ്യോഗസ്ഥരും അന്വേഷണം ആരംഭിച്ചു.

യാത്രക്കാരുമായി മറ്റൊരു വിമാനം ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. ആര്‍ക്കും കാര്യമായ പരിക്കേല്‍ക്കാത്തതിനാലും മറ്റ് പ്രശ്നങ്ങളില്ലാത്തതിനാലും പാല്‍മ എയര്‍പോര്‍ട്ട് സംഭവത്തിന് പിന്നാലെ സാധാരണനിലയുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.