മിലാന്‍: ഇറ്റലിയിലെ മിലാനില്‍ പുറപ്പെടാന്‍ തയ്യാറായി നിന്ന വിമാനത്തിന്റെ എന്‍ജിനില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. ബെര്‍ഗാമോ വിമാനത്താവളത്തില്‍ ചൊവ്വാഴ്ച രാവിലെ 10.20 ഓടെയാണ് സംഭവം.
സ്പെയിനിലെ അസ്റ്റൂറിയാസിലേക്ക് പോകുകയായിരുന്ന എ 319 വോളോട്ടിയ വിമാനം പറന്നുയരുന്നതിനിടെ റണ്‍വേയിലേക്ക് ഓടിയെത്തിയ മുപ്പത്തഞ്ചുകാരനാണ് മരിച്ചത്. എന്‍ജിനില്‍ കുടുങ്ങിയ യുവാവ് തല്‍ക്ഷണം മരിച്ചു.
അപകടത്തെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം വിമാന ഗതാഗതം തടസപ്പെട്ടതായി ബെര്‍ഗാമോ എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. രണ്ട് പൈലറ്റ്, ആറ് ക്യാബിന്‍ ക്രൂസ് എന്നിവരുള്‍പ്പടെ ആകെ 154 പേര്‍ വിമാനത്തിലുണ്ടായിരുന്നു. ഇറ്റലിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ഇത്.
പൊലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് ഇയാള്‍ റണ്‍വെയില്‍ എത്തിയതെന്നും സുരക്ഷാ വാതിലിലൂടെയാണ് റണ്‍വെയില്‍ കടന്നതെന്നും ചില പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ വിമാന യാത്രികനോ എയര്‍പോര്‍ട്ട് ജീവനക്കാരനോ അല്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സംഭവത്തില്‍ വിമാന കമ്പനിയായ വോളോട്ടിയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പത്തൊമ്പതോളം വിമാനങ്ങള്‍ റദ്ദാക്കപ്പെടുകയും ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്തെന്ന് ഫ്ളൈറ്റ് ട്രാക്കര്‍ ഏജന്‍സിയായ ഫ്ളൈറ്റ് റഡാര്‍ 24 റിപ്പോര്‍ട്ട് ചെയ്തു.