ടെല്‍ അവീവ്: യുദ്ധ വിമാനങ്ങള്‍, ഹെലികോപ്ടറുകള്‍, മറ്റ് സൈനിക സന്നാഹങ്ങള്‍ എന്നിവയ്ക്കായി അമേരിക്ക ഇസ്രയേലില്‍ പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കാനൊരുങ്ങുന്നു. ഇസ്രയേല്‍ വാര്‍ത്താ സൈറ്റായ ഹാരെറ്റ്സ് ആണ് ഇക്കാര്യം പുറത്തു വിട്ടത്.
250 മില്യണ്‍ ഡോളറിലധികം വരുന്ന പദ്ധതികളാണ് തുടക്കത്തില്‍ വിഭാവനം ചെയ്യുന്നത്. തുടര്‍ പദ്ധതികള്‍ക്ക് ഒരു ബില്യണ്‍ ഡോളറിലധികം വരുമെന്നും കരുതുന്നു. പദ്ധതി ഇക്കഴിഞ്ഞ ജൂണില്‍ ആദ്യം ഷെഡ്യൂള്‍ ചെയ്തിരുന്നെങ്കിലും ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ മാറ്റി വെക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
വെടിമരുന്ന് ഡിപ്പോകളും യുദ്ധ വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കും ഇന്ധനം നിറക്കുന്നതിനുള്ള സൗകര്യങ്ങളും ഇസ്രയേലി സൈനിക താവളങ്ങള്‍ക്കുള്ള കോണ്‍ക്രീറ്റ് ഘടനകളും നിര്‍മിക്കാന്‍ തുടങ്ങിയിട്ടുണ്ട്. യു.എസ് ആര്‍മി കോര്‍പ്സ് ഓഫ് എന്‍ജിനിയേഴ്സിനാണ് നിര്‍മാണ ചുമതല.
വൈകാതെ ഇസ്രയേലിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ബോയിങ് കെ.സി-46 ടാങ്കറുകള്‍ക്കായി ഹാങറുകള്‍, അറ്റകുറ്റപ്പണി മുറികള്‍, സംഭരണ സൗകര്യങ്ങള്‍ എന്നിവക്കുള്ള പദ്ധതിക്ക് 100 മില്യണ്‍ ഡോളറിലധികവും സി.എച്ച് ഹെലികോപ്ടറുകള്‍ സ്ഥാപിക്കുന്നതിനുള്ള മറ്റൊരു പദ്ധതിക്ക് 250 മില്യണ്‍ ഡോളര്‍ വരെയും ചെലവ് വരുമെന്ന് കരുതുന്നു.
100 മില്യണ്‍ ഡോളര്‍ വരെ ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്ന വെടിമരുന്ന് സംഭരണ ശാലകളുടെ നിര്‍മാണത്തിനും അമേരിക്ക ടെന്‍ഡറുകള്‍ തേടുന്നുണ്ട്. 900 മില്യണ്‍ ഡോളറിന്റെ ഏഴ് വര്‍ഷം നീണ്ടുനില്‍ക്കുന്ന മറ്റൊരു ടെന്‍ഡറുമുണ്ട്.
വിദേശ സൈനിക ധനസഹായത്തിലൂടെയാണ് പദ്ധതികള്‍ക്കുള്ള പണം ലഭിക്കുന്നത്. ഇസ്രായേലിന് പ്രതിവര്‍ഷം 3.8 ബില്യണ്‍ ഡോളര്‍ സൈനിക സഹായം ലഭിക്കുന്നുണ്ട്. ഹമാസ് ആക്രമണമുണ്ടായ 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഏകദേശം 18 ബില്യണ്‍ ഡോളറിന്റെ അനുബന്ധ സൈനിക സഹായവും ഇസ്രയേലിന് ലഭിച്ചു.
ഇസ്രയേലില്‍ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിനും അമേരിക്ക മുമ്പും സൈനിക സഹായം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത നിര്‍ദിഷ്ട നിര്‍മാണ പദ്ധതികള്‍ ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തിന് മുമ്പ് ആസൂത്രണം ചെയ്തതായിരുന്നുവെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.