ടൊറന്റോ: കാനഡയിലെ സറേയില്‍ നടന്‍ കപില്‍ ശര്‍മ പുതുതായി തുറന്ന ഭക്ഷണ ശാലയ്ക്ക് നേരെ ആക്രമണം. കപില്‍ ശര്‍മയുടെ കാപ്സ് കഫേയ്ക്ക് നേരെ 12 റൗണ്ട് വെടിവെപ്പുണ്ടായാതായണ് വിവരം. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ കഫേയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഖലിസ്ഥാനി ഭീകരന്‍ ഹര്‍ജീത് സിങ് ലാഡി ഏറ്റെടുത്തു. ആക്രമണത്തിന് പിന്നാലെ കപില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചിരുന്നു. സംഭവം ഞെട്ടിച്ചെന്നും ഇതിന്റെ ആഘാതം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുമ്പോഴും പിന്മാറില്ലെന്നും അദേഹം വ്യക്തമാക്കി.
'രുചികരമായ കോഫിയിലൂടെയും സൗഹൃദപരമായ സംഭാഷണങ്ങളിലൂടെയും ഊഷ്മളതയും, കൂട്ടായ്മയും, സന്തോഷവും കൊണ്ടുവരാമെന്ന പ്രതീക്ഷയോടെയാണ് ഞങ്ങള്‍ കാപ്‌സ് കഫേ തുറന്നത്. ആ സ്വപ്നത്തില്‍ അക്രമം കൂട്ടിമുട്ടുന്നത് ഹൃദയഭേദകമാണ്. ഞങ്ങളതിനെ ഉള്‍ക്കൊള്ളുകയാണ്, പക്ഷേ പിന്മാറില്ല'- കാപ്സ് കഫേ പ്രസ്താവനയില്‍ അറിയിച്ചു.
കപില്‍ ശര്‍മയുടെ മുന്‍കാല പരാമര്‍ശങ്ങളാണ് വെടിവെപ്പിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ കഫേയെ ലക്ഷ്യമിട്ടാണോ വെടിവെപ്പ് നടന്നത് അതോ ഹാസ്യനടന് നേരെയുള്ള ഭീഷണിയായിരുന്നോ വെടിവെപ്പ് എന്ന് വ്യക്തമല്ല.