നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ വൈദിക വിദ്യാര്‍ഥികളെ വിട്ടുനല്‍കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍; ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ഓചി ബിഷപ്പ്

നൈജീരിയയില്‍ തട്ടിക്കൊണ്ടു പോയ വൈദിക വിദ്യാര്‍ഥികളെ വിട്ടുനല്‍കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍; ചര്‍ച്ചകള്‍ തുടരുന്നുവെന്ന് ഓചി ബിഷപ്പ്

അബൂജ: നൈജീരിയയിലെ ഓചി രൂപതയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ മൂന്ന് വൈദിക വിദ്യാര്‍ഥികളെ വിട്ടു നല്‍കാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് അക്രമികള്‍. ഓചി രൂപതാ മെത്രാന്‍ ബിഷപ്പ് ഗബ്രിയേല്‍ ഗിയാക്കോമോ ദുനിയ ആണ് ഇക്കാര്യമറിയിച്ചത്.

ജൂലൈ പത്തിനാണ് ഓചി രൂപതയിലെ അമലോത്ഭവനാഥ സെമിനാരിയില്‍ ആക്രമണം നടന്നത് . രാത്രിയില്‍ ഉണ്ടായ ആക്രമണത്തില്‍ സെമിനാരിയിലെ സുരക്ഷാ ജീവനക്കാരനായ ക്രിസ്റ്റഫര്‍ അവെനെഗീം കൊല്ലപ്പെട്ടിരുന്നു.

വൈദിക വിദ്യാര്‍ഥികള്‍ ഇപ്പോഴും അക്രമി സംഘത്തിന്റെ കയ്യിലാണ്. മോചന ദ്രവ്യത്തിനായി കഴിഞ്ഞ ദിവസം അക്രമി സംഘം രൂപതയുമായി ബന്ധപ്പെട്ടുവെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ബിഷപ്പ് ദുനിയ വെളിപ്പെടുത്തി.

തട്ടിക്കൊണ്ടു പോയവരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരും സുരക്ഷാ സേനയും ശ്രമിക്കുന്നുണ്ടെങ്കിലും ഒരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ലെന്നും വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ആശങ്ക ഇപ്പോഴും തുടരുകയാണെന്നും ബിഷപ്പ് പറഞ്ഞു.

സെമിനാരിക്ക് ചുറ്റുമുള്ള സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നതുവരെ സുരക്ഷിത മേഖലയിലേക്ക് വിദ്യാര്‍ഥികളെയടക്കം മറ്റുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചു. നൈജീരിയയില്‍ വര്‍ഷങ്ങളായി വൈദികര്‍, സമര്‍പ്പിതര്‍, വൈദിക വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്.

കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം 145 വൈദികരാണ് ബന്ദികളാക്കപ്പെട്ടത്. ഇവരില്‍ 11 പേരെ അക്രമികള്‍ കൊലപ്പെടുത്തി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.