ആലീസ് സ്പ്രിങ്സ്: സെന്റ് മേരീസ് സീറോ മലബാർ മിഷന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിലെ ആലീസ് സ്പ്രിങ്സിൽ നടന്ന വിശ്വാസോത്സവം (ഫെയ്ത്ത് ഫെസ്റ്റ്) ശ്രദ്ധേയമായി മാറി. 120 കുട്ടികളും 45 വോളണ്ടിയേഴ്സും അടുത്തിടെ നടന്ന വിശ്വാസോൽസവത്തിൽ പങ്കെടുത്തു.
ആലീസ് സ്പ്രിങ്സിൽ സെന്റ് മേരിസ് സീറോ മലബാർ അംഗങ്ങൾ നേതൃത്വം കൊടുത്ത് വിശ്വാസോത്സവം സംഘടിപ്പിക്കുന്നത് ആദ്യമായാണ്. മറ്റു സ്ഥലങ്ങളിൽ നടന്ന വിശ്വാസോത്സവത്തിൽ നിന്നും വിത്യസ്തമായിരുന്നു ആലീസ് സ്പ്രിങ്സിലേത്. വിവിധ പരിപാടികളും മത്സരങ്ങളും വിശ്വാസോത്സവത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചു. വിശ്വാസോത്സവം ലോഗോ ഡിസൈൻ മത്സരത്തിൽ സെന്റ് മേരിസ് സീറോ മലബാർ മിഷൻ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഏഞ്ചൽ റോസ് ഷിജു സമ്മാനാർഹയായി.
കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു ക്ലാസുകൾ. ക്ലാസുകളോടൊപ്പം ഗെയിമുകളും പാട്ടുകളും ഡാൻസും ഉണ്ടായിരുന്നു. ഇടവക വികാരി ഫാ. ജോൺ പുതുവ മുഴുവൻ സമയവും വിശ്വാസോത്സവത്തിൽ കുട്ടികളോടൊപ്പം സമയം ചിലവഴിച്ചു.
കുമ്പസാരത്തിനുള്ള സൗകര്യവും എല്ലാ ദിവസവും വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു. ആദ്യത്തെ രണ്ട് ദിവസം ഇംഗ്ലീഷിൽ സീറോ മലബാർ വിശുദ്ധ കുർബാന ആയിരുന്നു. ആദ്യമായാണ് ആലീസ് സ്പ്രിങ്സിൽ ഇംഗ്ലീഷിൽ സീറോ മലബാർ കുർബാന അർപ്പിക്കപ്പെടുന്നത്. ഓസ്ട്രേലിയയിൽ ജനിച്ച് വളർന്ന കുട്ടികൾക്ക് ഇത് പുത്തൻ അനുഭവമായിരുന്നു.
ക്ലാസുകൾക്കിടെ നടന്ന ഫ്ലാഷ് മോബുകൾ, കുട്ടികളോടൊപ്പംവോളണ്ടിയേഴ്‌സിനെയും ആശ്ചര്യപ്പെടുത്തി. വിശ്വാസോത്സവം മീഡിയ ടീമിന്റെ നേതൃത്വത്തിൽ 'ഫെയ്ത് ടൈംസ്' എന്ന പേരിൽ ഒരു പത്രവും പ്രസിദ്ധീകരിച്ചു. വിശ്വാസോത്സവത്തിന്റെ ഓർമ്മകൾ നിലനിർത്തുവാൻ വിവിധ രീതിയിലുള്ള മൂന്ന് ഫോട്ടോ ബൂത്തുകളും ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു. വിശ്വാസോത്സവത്തിന്റെ അവസാന ദിവസം മൂന്ന് ഗ്രൂപ്പിൽ നിന്നുമുള്ള കുട്ടികളുടെ കലാപരിപാടികൾ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ അരങ്ങേറി.

ജോമിച്ചൻ ജോർജ് ജനറൽ കോഡിനേറ്ററായും നിഷാനി സിജോയി പ്രോഗ്രാം കോഡിനേറ്ററായും പ്രവർത്തിച്ചു. വിശ്വാസോത്സവം സംഘാടക സമിതിക്ക് പ്രിൻസിപ്പാൾ ജെസി മോൾ ജോസഫും വൈസ് പ്രിൻസിപ്പാൾ സിനി ജോസഫും നേതൃത്വം നൽകി. ഇടവക വികാരി ഫാ. ജോൺ പുതുവ സംഘാടക സമിതിക്ക് ആത്മീയ നേതൃത്വവും പിന്തുണയും നൽകി. കൈക്കാരന്മാരായ ഷിജു കെഎസ്, എബിൻ ജോൺ. തുടങ്ങിയവർ അകമഴിഞ്ഞ് പ്രവർത്തിച്ചത് വിശ്വാസോത്സവത്തെ കൂടുതൽ മനോഹരമാക്കി മാറ്റുന്നതിന് ഇടയാക്കി.