നോർവേ: നോർവീജിയൻ ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് ഔഡൻ ഗ്രോൺവോൾഡ് (49) ഇടിമിന്നലേറ്റ് മരിച്ചു. ജൂലൈ 12ന് സംഭവിച്ച അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന അദേഹം ചൊവ്വാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഔഡൻ ഗ്രോൺവോൾഡിന്റെ മരണം നോർവീജിയൻ സ്കീ അസോസിയേഷൻ സ്ഥിരീകരിച്ചു.
കഴിഞ്ഞ ജൂലൈ 12-ന് കുടുംബത്തിന്റെ കാബിനിലേക്കുള്ള യാത്രയ്ക്കിടെയാണ് ഗ്രോൺവോൾഡിന് ഇടിമിന്നലേറ്റതെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ അദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ദിവസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു. മികച്ച അത്‌ലറ്റ് എന്നാണ് നോർവീജിയൻ സ്കീ അസോസിയേഷൻ ഗ്രോൺവോൾഡിനെ വിശേഷിപ്പിച്ചത്.
ഗ്രോൺവോൾഡിന്റെ വിയോഗം സ്കീയിംഗ് സമൂഹത്തിൽ ഒരു വലിയ ശൂന്യത സൃഷ്ടിക്കുമെന്ന് നോർവീജിയൻ സ്കീ അസോസിയേഷൻ പ്രസിഡന്റ് ടോവ് മോ ഡൈർഹോഗ് പ്രസ്താവനയിൽ പറഞ്ഞു