ടെല്‍ അവീവ്: ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന കൂട്ടക്കൊലയില്‍ പ്രധാനിയായ ഹമാസ് ജബാലിയ ബറ്റാലിയന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ഇയാദ് നെറ്റ്‌സറിനെയും കൂട്ടക്കൊലയില്‍ പങ്കെടുത്ത മറ്റ് രണ്ട് നേതാക്കളെയും ഇസ്രായേല്‍ സൈന്യം വധിച്ചു.
ഹമാസ് സെന്‍ട്രല്‍ ജബാലിയ കമാന്‍ഡര്‍ ഹസന്‍ മഹ്‌മൂദ് മുഹമ്മദ് മാരി, ഹമാസ് ബീറ്റ് ഹനൂന്‍ ബറ്റാലിയനിലെ ഡെപ്യൂട്ടി കമ്പനി കമാന്‍ഡര്‍ മുഹമ്മദ് സാക്കി ഷമാദ ഹമദ് എന്നിവരാണ് നെറ്റ്‌സറിനൊപ്പം കൊല്ലപ്പെട്ടത്.
ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നടന്ന കൂട്ടക്കൊലയില്‍ പ്രധാനിയായ ഇയാദ് നെറ്റ്‌സറിന് അന്ന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ജബാലിയ ബറ്റാലിയനിലെ ആസ്ഥാനത്തേക്ക് ഇയാള്‍ മടങ്ങിയെന്ന് ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പറഞ്ഞു.
ഇസ്രയേലിനെതിരേയുള്ള ആക്രമണ പ്രവര്‍ത്തനങ്ങളില്‍ ഇയാദ് നെറ്റ്സെര്‍ സജീവമായിരുന്നു. സമീപ കാലത്ത് ഐഡിഎഫിന്റെ 162-ാമത് 'സ്റ്റീല്‍' ഡിവിഷന്റെ സേനയ്‌ക്കെതിരെ നെറ്റ്സര്‍ വിവിധ ആക്രമണങ്ങള്‍ നടത്തിയെന്നും ഐഡിഎഫ് പറയുന്നു.