നൈജറിൽ ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ഇന്ത്യക്കാര്‍

നൈജറിൽ ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ രണ്ട് പേർ ഇന്ത്യക്കാര്‍

നിയാമി: നൈജറിൽ ഉണ്ടായ ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യൻ കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടു. ഒരാളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. ജാര്‍ഖണ്ഡിലെ ബൊക്കാറോ സ്വദേശി ഗണേഷ് കര്‍മാലി (39),മറ്റൊരു ദക്ഷിണേന്ത്യക്കാരനായ കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ജമ്മു കാശ്മീരിൽ നിന്നുള്ള രഞ്ജിത് സിങ്ങിനെയാണ് തീവ്രവാദികൾ തട്ടിക്കൊണ്ട് പോയത്.

ഇന്ത്യൻ എംബസി നൈജറിലെ ആക്രമണം സംഭവം സ്ഥിരീകരിച്ചു. “ജൂലൈ 15-ന് നൈജറിലെ ഡോസോ മേഖലയിൽ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഇന്ത്യൻ പൗരർക്ക് ജീവൻ നഷ്‌ടപ്പെടുകയും ഒരാളെ തട്ടിക്കൊണ്ടുപോവുകയും ചെയ്തു. നൈജറിലുള്ള എല്ലാ ഇന്ത്യക്കാരും ജാഗ്രത പാലിക്കാൻ അഭ്യർത്ഥിക്കുന്നു,” ഇന്ത്യൻ എംബസി പോസ്റ്റിൽ പറയുന്നു.

ആക്രമത്തിൽ കൊല്ലപ്പെട്ടവർ പവർ ട്രാൻസ്‌മിഷൻ പ്രോജക്ടുകൾ ഏറ്റെടുക്കുന്ന ഇന്ത്യ ആസ്ഥാനമായുള്ള ട്രാൻസ്റെയിൽ ലൈറ്റിംഗ് ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരാണ്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു.

നൈജറിലെ തലസ്ഥാനമായ നിയാമിയിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള ഡോസോയിലെ ഒരു കെട്ടിട നിർമാണ സ്ഥലത്ത് കാവൽ നിൽക്കുന്ന സൈനിക യൂണിറ്റിനെ അജ്ഞാതരായ തോക്കുധാരികൾ ആക്രമിക്കുന്നതിനിടെയാണ് അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികൾ കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ മറ്റ് ആറ് പേർ കൂടി കൊല്ലപ്പെട്ടതായാണ് വിവരം.

2023-ലെ അട്ടിമറിയെത്തുടർന്ന് സൈനിക ഭരണത്തിൻ കീഴിലായ നൈജർ അൽ-ഖ്വയ്‌ദയുമായും ഐഎസ് ഗ്രൂപ്പുമായും ബന്ധമുള്ള ഭീകര സംഘടനകൾ നടത്തുന്ന ആക്രമണത്തിന്റെ ഭീഷണിയിലാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.