ഇസ്രയേലിനെ അര്‍ബുദമെന്നും അമേരിക്കയെ പേപ്പട്ടിയെന്നും ആക്ഷേപിച്ചതിന് പിന്നാലെയാണ് ഖൊമേനിയുടെ അടുത്ത പ്രകോപനം.
ടെഹ്റാന്‍: യുദ്ധ സമയത്ത് ഇസ്രയേല്‍ സൈന്യത്തെ ഭയന്ന് ബങ്കറിലൊളിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി ഇപ്പോള്‍ ജൂതരെയും ഇസ്രയേലി സൈനികരെയും എലികളായി ചിത്രീകരിക്കുന്ന എഐ ചിത്രം ഒദ്യോഗിക വെബ്‌സൈറ്റില്‍ പങ്കു വച്ച് ആക്ഷേപമുയര്‍ത്തുന്നു.
ഇറാനിയന്‍ മിസൈലുകളില്‍ നിന്ന് രക്ഷപ്പെടാനായി ജൂതരും ഇസ്രയേലി സൈനികരും ഒരു അമേരിക്കന്‍ കപ്പലില്‍ ഭയന്ന് ഇരിക്കുന്ന എഐ ചിത്രമാണ് ഖൊമേനി തന്റെ വെബ്‌സൈറ്റില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇസ്രയേലിനും അമേരിക്കയ്ക്കും കനത്ത പ്രഹരമേല്‍പ്പിക്കുമെന്ന ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ പരമോന്നത നേതാവിന്റെ അടുത്ത പ്രകോപന നീക്കം.
അമേരിക്കന്‍ പതാക പുതച്ച കപ്പലില്‍ ജൂതരെയും ഇസ്രയേലി സൈനികരെയും എലികളായാണ് ചിത്രീകരിച്ചിട്ടുള്ളത്. ജൂലൈ 16ന് നടത്തിയ പ്രസംഗത്തില്‍ ഇസ്രയേലിനെ അര്‍ബുദമെന്നും അമേരിക്കയെ പേപ്പട്ടിയെന്നും ഖൊമേനി ആക്ഷേപിച്ചിരുന്നു.
'ഇസ്രയേല്‍ തല കുനിച്ചിരുന്നില്ലെങ്കില്‍, വീണില്ലായിരുന്നെങ്കില്‍, സഹായം ആവശ്യമില്ലായിരുന്നെങ്കില്‍, സ്വയം പ്രതിരോധിക്കാന്‍ കഴിവുണ്ടായിരുന്നെങ്കില്‍ അവര്‍ അമേരിക്കയെ ആശ്രയിക്കുമായിരുന്നില്ല. അമേരിക്കയെ സമീപിച്ചതിനര്‍ത്ഥം ഇസ്ലാമിക് റിപ്പബ്ലിക്കിനെ നേരിടാന്‍ കഴിയില്ലെന്ന് അവര്‍ മനസിലാക്കിയെന്നാണ്'- ഇതായിരുന്നു ചിത്രത്തിനു നല്‍കിയ അടിക്കുറിപ്പ്.
ജൂതരുടെ രാജാവായിരുന്ന ദാവീദിന്റെ നക്ഷത്രം പതിച്ച തലയോട്ടിയില്‍ മിസൈലുകള്‍ വര്‍ഷിക്കുന്നത്, ട്രംപിന്റെ മുഖമുള്ള സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടിയെ മിസൈലുകള്‍ തകര്‍ക്കുന്നത്, ഇസ്രയേലി-അമേരിക്കന്‍ കപ്പല്‍ നശിപ്പിക്കുന്നത് തുടങ്ങിയ ഒട്ടേറെ ചിത്രങ്ങള്‍ യുദ്ധ സമയത്ത് ഖൊമേനി പോസ്റ്റ് ചെയ്തിരുന്നു.
ഇറാനിയന്‍ ഭരണകൂടം ജൂതന്മാരെയും ഇസ്രയേലിനെയും ചിത്രീകരിക്കാന്‍ ഇതിനു മുമ്പും വിവാദ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. അടുത്തിടെ ടെഹ്‌റാനിലെ ഒരു ആര്‍ട്ട് ഗാലറി അമേരിക്കയെയും ഇസ്രയേലിനെയും പരിഹസിക്കുന്ന കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.
ഇസ്ലാമിക ഭരണകൂടം ഇസ്രയേലിനെതിരെ ഇത്തരം വില കുറഞ്ഞ പരിഹാസങ്ങള്‍ നടത്തുമ്പോഴും ഇറാനില്‍ പതിനായിരത്തോളം വരുന്ന ജൂത ജനസംഖ്യയുണ്ട് എന്നതാണ് യാഥാര്‍ഥ്യം. ഇറാനില്‍ നൂറോളം സിനഗോഗുകള്‍ ഇപ്പോഴുമുണ്ട്.