യു.എന്‍: ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സിലില്‍ പാകിസ്ഥാനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. പക്വതയാര്‍ന്ന ജനാധിപത്യവും കുതിച്ചുയരുന്ന സമ്പദ് വ്യവസ്ഥയും ബഹുസ്വരതയുമായി ഇന്ത്യ മുന്നേറുമ്പോള്‍ പാകിസ്ഥാന്‍ മതഭ്രാന്തിനെയും ഭീകരതയെയുമാണ് പിന്തുണയ്ക്കുന്നതെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വതനേനി ഹരീഷ് വിമര്‍ശിച്ചു.
സമ്പദ് വ്യവസ്ഥയെ തെറ്റായി കൈകാര്യം ചെയ്യുന്ന പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ (ഐഎംഎഫ്) നിന്ന് തുടര്‍ച്ചയായി കടം വാങ്ങുന്ന രാജ്യം കൂടിയാണ് എന്നും 'സമാധാനവും ബഹുമുഖത്വവും' എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കവേ പാകിസ്ഥാന്‍ പ്രതിനിധിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായി ഹരീഷ് പറഞ്ഞു.
അതിര്‍ത്തി കടന്നുള്ള ഭീകരത വളര്‍ത്തുന്നതിലൂടെ അയല്‍, അന്താരാഷ്ട്ര ബന്ധങ്ങളെ തകര്‍ക്കുന്ന രാജ്യങ്ങള്‍ക്ക് ഗുരുതരമായ വില നല്‍കേണ്ടി വരും. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഫലമായി ഏപ്രില്‍ 25 ലെ കൗണ്‍സില്‍ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ പാകിസ്ഥാനിലെയും പാക് അധിനിവേശ കാശ്മീരിലെയും തീവ്രവാദ ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചു.
അതിന്റെ പ്രാഥമിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പാകിസ്ഥാന്റെ അഭ്യര്‍ത്ഥന പ്രകാരം സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഇന്ത്യ തീരുമാനിച്ചു.
സമീപ ദശകങ്ങളില്‍ സംഘര്‍ഷങ്ങളുടെ സ്വഭാവം മാറിയിരിക്കുന്നു. ആധുനിക ഡിജിറ്റല്‍, ആശയ വിനിമയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അതിര്‍ത്തി കടന്നുള്ള ധനസഹായം, ആയുധക്കടത്ത്, തീവ്രവാദികള്‍ക്കുള്ള പരിശീലനം, റാഡിക്കല്‍ പ്രത്യയശാസ്ത്രങ്ങളുടെ വ്യാപനം എന്നിവയും വര്‍ധിച്ചതായും ഇന്ത്യ വ്യക്തമാക്കി.