മെൽബൺ: മെൽബൺ രൂപതയുടെ ഏക തീർത്ഥാടന കേന്ദ്രമായ സെന്റ് അൽഫോൺസ കത്തീഡ്രലിൽ വിശുദ്ധ അൽഫോൺസാമ്മയുടെ തിരുനാളിന് തുടക്കമായി. ജൂലൈ 18 ന് ആരംഭിച്ച പത്ത് ദിവസത്തെ നൊവേനക്കും തിരുനാളിനും മെൽബൺ രൂപത പ്രഥമ ബിഷപ്പ് മാർ ബോസ്കോ പുത്തൂർ മുഖ്യകാർമ്മികനായി. അന്നേ ദിനം ബിഷപ്പ് ബോസ്കോ പുത്തൂർ നൊവേന ചൊല്ലി പ്രാർത്ഥിച്ചു.
ജൂലൈ 20ന് കുട്ടികളുടെ നേതൃത്വത്തിൽ തിരുനാൾ പ്രദക്ഷിണം നടന്നു. വികാരി ജനറാൾ മോൺസിഞ്ഞോർ കോലഞ്ചേരി വി. കുർബാന അർപ്പിച്ച് തിരുനാൾ സന്ദേശം നൽകി.

മാർ ബോസ്കോ പുത്തൂർ ദിവ്യബലി അർപ്പിക്കുന്നു
പ്രധാന തിരുനാൾ ദിവസമായ ജൂലൈ 25, 26, 27 തിയതികളിൽ വിക്ടോറിയയിലെ മറ്റ് ഇടവകകളിൽ നിന്ന് വിശുദ്ധ അൽഫോൺസാമ്മയുടെ മധ്യസ്ഥം പ്രാർത്ഥിക്കുന്നതിനായി തീർത്ഥാടകർ എത്തും. ഇന്ന് (വെള്ളി) വൈകിട്ട് ഏഴ് മണിക്ക് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, തിരുനാൾ കുർബാന, ലദീജ്ജ് എന്നിവ ഉണ്ടായിരിക്കും. ഫാ. സാബു ആടിമാക്കിയിൽ വി.സി മുഖ്യകാർമികനാകും. ജൂലൈ 26 ശനിയാഴ്ചയിലെ തിരുനാൾ കുർബാനക്കും നൊവേനക്കും പ്രസുദേന്തി വാഴ്ചക്കും ഫാ. ജോസഫ് ഏഴുമയിൽ നേതൃത്വം നൽകും.
പ്രധാന തിരുനാൾ ദിനമായ ജൂലൈ 28 ഞായറാഴ്ച രാവിലെ 9.45ന് നൊവേനയും തുടർന്ന് ദിവ്യബലിയും ഉണ്ടായിരിക്കും. മെൽബൺ രൂപത അധ്യക്ഷൻ മാർ ജോൺ പനംതോട്ടത്തിൽ വി. കുർബാന അർപ്പിച്ച് തിരുനാൾ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണവും സ്നേഹ വിരുന്നും ഉണ്ടായിരിക്കും. 28 തിങ്കളാഴ്ച വൈകിട്ട് 6.15ന് നൊവേനയും ജപമാലയും ആരാധനയും ഉണ്ടായിരിക്കും. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന ദിവ്യബലിയോടെ തിരുനാൾ സമാപിക്കും.

തിരുനാളിൽ പങ്കെടുക്കുന്നതിനും ദണ്ഡവിമോചനം പ്രാപിക്കാനും എത്തിച്ചേരുന്നവരെ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇടവക വികാരി ഫാ മാത്യു അരീപ്ലാക്കലും കൈക്കാരന്മാരായ ബാബു വർക്കി, ജിമ്മി ജോസഫ്, മാനുവേൽ ബെന്നി എന്നിവരും അറിയിച്ചു.