ബാങ്കോക്ക്: ബാങ്കോക്കിൽ നടന്ന മിസ് യൂണിവേഴ്‌സ് 2025 മത്സരം പതിവ് സൗന്ദര്യ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ആഴത്തിലുള്ള വിശ്വാസത്തിൻ്റെയും ശക്തമായ സാംസ്കാരിക മൂല്യങ്ങളുടെയും പ്രകടനങ്ങൾക്ക് വേദിയായി മാറി. മെക്സിക്കോയുടെ കിരീട നേട്ടവും അതിനോടനുബന്ധിച്ചുള്ള പ്രഖ്യാപനങ്ങളും വിവിധ രാജ്യങ്ങളിലെ മത്സരാർത്ഥികളുടെ ദേശീയ വേഷ അവതരണങ്ങളും ഈ വർഷത്തെ മത്സരത്തിന് പുതിയ മാനങ്ങൾ നൽകി.
കിരീടം നേടിയതിന് തൊട്ടുപിന്നാലെ 'ക്രിസ്തു രാജാവ് നീണാൾ വാഴട്ടെ' എന്ന പ്രഖ്യാപനമാണ് മെക്സിക്കോയിലെ മത്സരാർത്ഥി നടത്തിയത്. ബ്രസീൽ, ഫ്രാൻസ്, അർമേനിയ എന്നീ രാജ്യങ്ങളിലെ മത്സരാർത്ഥികൾ തങ്ങളുടെ ദേശീയ വേഷങ്ങളിലൂടെ തങ്ങളുടെ ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തെയും വിശുദ്ധരെയും ആദരിച്ചു.
ബ്രസീൽ പ്രതിനിധി ഗബ്രിയേല ലസേർദ
മെക്സിക്കോയിലെ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ് വിജയത്തിന് തൊട്ടുപിന്നാലെ നടത്തിയ പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ടു. "വിവാ ക്രിസ്‌തോ റേ! (¡Viva Cristo Rey!)" — "ക്രിസ്തു രാജാവ് നീണാൾ വാഴട്ടെ!" എന്ന മുദ്രാവാക്യമാണ് അവർ ലോകത്തിന് മുന്നിൽ മുഴക്കിയത്. 20-ാം നൂറ്റാണ്ടിൽ മെക്സിക്കോയിൽ ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി കത്തോലിക്കർ നടത്തിയ 'ക്രിസ്‌തേറോ യുദ്ധ' കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ധീരമായ മുദ്രാവാക്യമാണിത്. തൻ്റെ വിശ്വാസം മറച്ചു വെക്കേണ്ടതില്ല എന്ന് പ്രഖ്യാപിച്ച ബോഷിൻ്റെ ഈ പ്രകടനം ധീരത, സ്വത്വബോധം, കൃതജ്ഞത എന്നിവയുടെ പ്രതിഫലനമായി വിലയിരുത്തപ്പെടുന്നു. മെക്സിക്കോയുടെ മധ്യസ്ഥയായ ഔവർ ലേഡി ഓഫ് ഗ്വാദലൂപയുടെ പതാകയും അവരുടെ ചിത്രത്തിന് പിന്നിലായി ദൃശ്യമായിരുന്നു.
ബ്രസീൽ പ്രതിനിധി മരിയ ഗബ്രിയേല ലസേർദ അവതരിപ്പിച്ച വേഷവും ലോകശ്രദ്ധ നേടി. ബ്രസീലിൻ്റെ മദ്ധ്യസ്ഥയും കത്തോലിക്കാ വിശ്വാസികളുടെ സ്നേഹവുമായ 'ഔവർ ലേഡി ഓഫ് അപരസീദയെ'ആദരിച്ചുകൊണ്ടുള്ള വേഷമായിരുന്നു ലസേർദ അണിഞ്ഞത്. സ്വർണ വർണമുള്ള കിരീടവും കടുംനീല നിറത്തിൽ സ്വർണ നൂലുകൾ കൊണ്ട് തുന്നിച്ചേർത്ത വസ്ത്രവുമാണ് മരിയ ഗബ്രിയേല അണിഞ്ഞത്. കന്യാ മറിയത്തിൻ്റെ രൂപത്തോട് സാമ്യമുള്ളതായിരുന്നു ഈ വേഷം. വിശ്വാസിയായ ലസേർദ തൻ്റെ കത്തോലിക്കാ ഭക്തിയെ ലോകവേദിയിൽ തുറന്നു പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ഈ വേഷം തിരഞ്ഞെടുത്തത്.

ഈവ് ഗില്ലസ് വിശുദ്ധ ജോവാൻ ഓഫ് ആർക്കിൻ്റെ രൂപത്തിലുള്ള വേഷത്തിൽ
കന്യാമറിയത്തിലൂടെ യേശുവിന് നൽകിയ എൻ്റെ സമർപ്പണത്തിൻ്റെ ഒരു ബാഹ്യ അടയാളമാണ് ഈ വേഷമെന്നും ഭൂമിയിൽ ജീവിച്ച ഏറ്റവും പരിശുദ്ധയും വിനയശീലയുമായ സ്ത്രീയെ ആദരിക്കാൻ ലഭിച്ച അവസരം ഈ മത്സരത്തിലെ ഏറ്റവും വലിയ നേട്ടമാണ് എന്നും ലസേർദ പറഞ്ഞു. സാധാരണ ബ്രസീലിയൻ കാർണിവൽ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായി സംയമനം പാലിച്ച ഈ വേഷം രാജ്യത്തിൻ്റെ സാംസ്കാരികവും ആത്മീയവുമായ ആഴത്തിലുള്ള ബന്ധത്തെ പ്രതിഫലിപ്പിച്ചു.
മറ്റ് രാജ്യങ്ങളിലെ മത്സരാർത്ഥികളും ദേശീയ വേഷങ്ങളിലൂടെ തങ്ങളുടെ സാംസ്കാരികവും ക്രൈസ്തവവുമായ പൈതൃകത്തിന് ആദരവ് നൽകി. ഈവ് ഗില്ലസ് ഫ്രാൻസിൻ്റെ മദ്ധ്യസ്ഥരിൽ ഒരാളായ വിശുദ്ധ ജോവാൻ ഓഫ് ആർക്കിൻ്റെ രൂപത്തിലുള്ള വേഷമാണ് തിരഞ്ഞെടുത്തത്.

അർമേനിയയിലെ പെഗ്ഗി ഗരാബേക്കിയൻ
അർമേനിയയിലെ പെഗ്ഗി ഗരാബേക്കിയൻ തൻ്റെ രാജ്യത്തിൻ്റെ ക്രൈസ്തവ പൈതൃകത്തിന് ആദരവ് നൽകി. ഒരു ദേവാലയത്തിന്റെ രൂപത്തിലുള്ള ശിരോവസ്ത്രമാണ് അവർ അണിഞ്ഞത്. ശിരസിന് മുകളിൽ സ്ഥാപിച്ച പള്ളി "വിശ്വാസം മറ്റെന്തിനും മുകളിലാണ്" എന്ന സന്ദേശം നൽകി. കൂടാതെ രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്ന ചുവന്ന മുത്തുകളും വംശഹത്യയ്ക്ക് ശേഷമുള്ള അർമേനിയൻ അതിജീവനത്തിന്റെ പ്രതീകമായ പൂക്കളും വേഷത്തിൽ ഉൾപ്പെടുത്തിയിരുന്നു.