ഭുവനേശ്വര്‍: കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയ്ക്ക് പുതിയ സഹായ മെത്രാന്‍. അതേ രൂപതാംഗമായ മോണ്‍. രബീന്ദ്ര കുമാര്‍ രണസിംഗിനെയാണ് ലിയോ പതിനാലാമന്‍ മാര്‍പാപ്പാ പുതിയ സഹായ മെത്രാനായി നിയമിച്ചത്. ക്രിസ്തു ജ്യോതി മഹാവിദ്യാലയ ദൈവശാസ്ത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഡീനായി സേവനം അനുഷ്ഠിച്ചു വരവെയാണ് പുതിയ നിയമനം.
1972 ജൂലൈ ഒമ്പതിന് ജനിച്ച മോണ്‍. രബീന്ദ്ര കുമാര്‍ പൂനെയിലെ പേപ്പല്‍ സെമിനാരിയില്‍ നിന്ന് തത്ത്വശാസ്ത്രവും സാസോണിലെ ക്രിസ്‌തോ ജ്യോതി മഹാ വിദ്യാലയത്തില്‍ നിന്ന് ദൈവശാസ്ത്രവും പൂര്‍ത്തിയാക്കി.
ബിഹാറിലെ ഭഞ്ചയിലെ ബെര്‍ഹാംപൂര്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം നേടിയത്. തുടര്‍ന്ന് ബംഗളൂരുവിലെ സെന്റ് പീറ്റേഴ്സ് പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റും റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബാനിയ സര്‍വകലാശാലയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റും നേടി.
2001 മാര്‍ച്ച് 18 ന് കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപതയ്ക്കായി അദേഹം പൗരോഹിത്യം സ്വീകരിച്ചു. വിവിധ ഇടവകകളിലും, സ്ഥാപനങ്ങളിലും സേവനം ചെയ്ത മോണ്‍. രബീന്ദ്ര കുമാര്‍ ബല്ലിഗുഡയിലെ സെന്റ് പോള്‍സ് മൈനര്‍ സെമിനാരിയുടെ റെക്ടര്‍, സാസൊണിലെ ക്രിസ്‌തോ ജ്യോതി മഹാവിദ്യാലയത്തിലെ പ്രൊഫസര്‍, ഡീന്‍ എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഒഡിഷയിലെ കട്ടക്ക്, കാന്ധമാല്‍, ബൗദ്, ജഗത്സിങ്പൂര്‍, ജാജ്പൂര്‍, കേന്ദ്രപാര, ഖുര്‍ദ, നയാഗര്‍, പുരി എന്നീ ഒമ്പത് ജില്ലകള്‍ അടങ്ങുന്നതാണ് കട്ടക്ക്-ഭുവനേശ്വര്‍ അതിരൂപത. 1937 ല്‍ കട്ടക്ക് മിഷന്‍ രൂപതയായും പിന്നീട് 1974 ല്‍ അതിരൂപതയായി ഉയര്‍ത്തപ്പെട്ടു.