സാങ്കേതിക സഹകരണത്തിനായി പുതിയ ഇന്ത്യ-കാനഡ-ഓസ്‌ട്രേലിയ കൂട്ടായ്മയും മോഡി പ്രഖ്യാപിച്ചു
ജോഹന്നസ്ബര്‍ഗ്: മയക്കു മരുന്ന്-ഭീകര ശൃംഖലകളെ ജി 20 രാജ്യങ്ങള്‍ ഒറ്റക്കെട്ടായി തകര്‍ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗില്‍ ജി 20 ഉച്ചകോടിയുടെ ആദ്യ സെഷനെ അഭിസംബോധന ചെയ്യുകയായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി.
ഫെന്റാനില്‍ പോലുള്ള മാരക സിന്തറ്റിക് മയക്കു മരുന്നുകളുടെ ഭീഷണി വര്‍ധിച്ചു വരുകയാണ്. ഇത് പൊതുജനാരോഗ്യത്തിനും സാമൂഹിക സ്ഥിരതയ്ക്കും ആഗോള സുരക്ഷയ്ക്കും ഗുരുതരമായ വെല്ലുവിളിയാണ്.
ഇത്തരം മയക്കുമരുന്ന് ശൃംഖലകള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രധാന ധനസഹായ സ്രോതസായി പ്രവര്‍ത്തിക്കുന്നു. ഇവ തകര്‍ക്കുന്നതിനായി പ്രത്യേക സംരംഭത്തിന് തുടക്കം കുറിക്കാനും മോഡി ജി 20 രാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
ആഗോള പുരോഗതിക്ക് ആഫ്രിക്കയുടെ പുരോഗതി നിര്‍ണായകമാണെന്ന് പറഞ്ഞ മോഡി, അടുത്ത ദശകത്തിനുള്ളില്‍ ജി 20 പങ്കാളികളുടെ പിന്തുണയോടെ ആഫ്രിക്കയിലുടനീളം പത്ത് ലക്ഷം പരിശീലകരെ സൃഷ്ടിക്കാനുള്ള പദ്ധതിയും മുന്നോട്ടു വച്ചു. ഈ പരിശീലകര്‍ ആഫ്രിക്കയില്‍ ലക്ഷക്കണക്കിന് വൈദഗദ്ധ്യമുള്ള യുവാക്കളെ സൃഷ്ടിക്കുകയും ആഫ്രിക്കയുടെ വികസനത്തിന് കരുത്ത് പകരുകയും ചെയ്യും.
ആരോഗ്യ അടിയന്തരാവസ്ഥകളോ പ്രകൃതി ദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ ഉടനടി വിന്യസിക്കാന്‍ പാകത്തിന് വിദഗ്ദ്ധര്‍ അടങ്ങിയ ജി 20 ഹെല്‍ത്ത് കെയര്‍ റെസ്പോണ്‍സ് ടീം ആവിഷ്‌കരിക്കണമെന്നും മോഡി നിര്‍ദേശിച്ചു. ജി 20 ഉച്ചകോടിയുടെ അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്ന ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസയെ അദേഹം അഭിനന്ദിച്ചു. ആദ്യമായാണ് ജി 20 ഉച്ചകോടിക്ക് ഒരു ആഫ്രിക്കന്‍ രാജ്യം വേദിയാകുന്നത്. 2023 ല്‍ ഇന്ത്യ അധ്യക്ഷ സ്ഥാനം വഹിച്ച സമയത്താണ് ആഫ്രിക്കന്‍ യൂണിയന് ജി 20 അംഗത്വം ലഭിച്ചത്.
സാങ്കേതിക സഹകരണത്തിനായി പുതിയ ഇന്ത്യ-കാനഡ-ഓസ്‌ട്രേലിയ കൂട്ടായ്മയും മോഡി പ്രഖ്യാപിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് എന്നിവരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ ശക്തമാക്കുന്നത് കൂടിയാണ് പ്രഖ്യാപനം.
കാനഡയുടെ മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഖാലിസ്ഥാന്‍ വാദികളെ പ്രോത്സാഹിപ്പിച്ചത് ഇന്ത്യയുമായുള്ള ബന്ധം വഷളാക്കിയിരുന്നു. മാര്‍ച്ചില്‍ കാര്‍ണി അധികാരത്തിലെത്തിയതോടെ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെട്ടു.
അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ബ്രസീല്‍ പ്രസിഡന്റ് ലൂയീസ് ഇനാഷ്യോ ലൂല ഡ സില്‍വ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാമര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റണിയോ ഗുട്ടറെസ് തുടങ്ങിയ നേതാക്കളുമായും നരേന്ദ്ര മോഡി കൂടിക്കാഴ്ച നടത്തി.