ഫാ. ജോളി വടക്കൻ ഗൾഫ് നാടുകളിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റർ

ഫാ. ജോളി വടക്കൻ ഗൾഫ് നാടുകളിലെ സീറോമലബാർ അപ്പസ്തോലിക് വിസിറ്റർ

വത്തിക്കാൻ സിറ്റി: ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ഫാ. ജോളി വടക്കനെ ഗൾഫ് നാടുകളിലെ സിറോ-മലബാർ സഭാംഗങ്ങളുടെ അപ്പസ്തോലിക് വിസിറ്ററായി നിയമിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ഇതു സംബന്ധിച്ചുള്ള വത്തിക്കാനിൽ നിന്നുള്ള അറിയിപ്പ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ഭാരതത്തിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറേല്ലി വഴി ലഭിച്ചു.

സിറോ-മലബാർ വിശ്വാസികളുടെ അജപാലന ശുശ്രൂഷയുമായി ബന്ധപ്പെട്ട് കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമനം. സിറോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലുമായി ചേർന്ന് പ്രവർത്തിക്കുക. നോർത്തേൺ, സതേൺ അറേബ്യയിലെ അപ്പസ്തോലിക് വികാരിമാരുമായി അടുത്ത സഹകരണവും ബന്ധവും നിലനിർത്തുക. 2024 ഒക്ടോബർ 29 ന് നടന്ന ഇന്റർ-ഡി കാസ്റ്റീരിയൽ മീറ്റിംഗിൽ ഉയർന്നുവന്ന വിഷയങ്ങൾ പഠിക്കുകയും മൂർത്തമായ പരിഹാരങ്ങൾ കണ്ടെത്തുകയും ചെയ്യുക തുടങ്ങിയവയാണ് ഫാ. ജോളി വടക്കന്റെ ചുമതലകൾ.

2024 ഒക്ടോബർ 29 ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ആർച്ച് ബിഷപ്പുമാരായ മാർ ആൻഡ്രൂസ് താഴത്ത്, മാർ ജോസഫ് പാംപ്ലാനി എന്നിവരുടെ സാനിധ്യത്തിൽ കർദിനാൾ പിയാട്രോ പരോളിന്റെ അദ്ധ്യക്ഷതയിൽ സെക്രട്ടറിയേറ്റ് ഓഫ് സ്റ്റേറ്റിൽ നടത്തിയ ഉന്നതാധികാര യോഗത്തിലാണ് അപ്പസ്തോലിക് വിസിറ്ററെ നിയമിക്കാൻ തീരുമാനമായത്. ഫാ. ജോളി വടക്കൻ ഉടൻ തന്നെ ദൗത്യം ആരംഭിക്കും.

ഫാ. ജോളി വടക്കൻ

1965 ൽ തൃശൂർ ജില്ലയിലെ മാളയിലാണ് ഫാ. ജോളി വടക്കന്റെ ജനനം. 1989 ൽ അന്നത്തെ ഇരിങ്ങാലക്കുട രൂപതാ മെത്രാൻ മാർ ജെയിംസ് പഴയാറ്റിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്ത്വശാസ്ത്ര, ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി. റോമിലെ സലേഷ്യൻ യൂണിവേഴ്‌സിറ്റിയിൽനിന്നു മീഡിയായിലും മതബോധനത്തിലും ലൈസൻഷ്യേറ്റ് ബിരുദം കരസ്ഥമാക്കി.

ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഇടവകകളിൽ വികാരിയായും രൂപതാ മീഡിയാ ഡയറക്‌ടർ, മതബോധന ഡയറക്ട‌ർ, ബൈബിൾ അപ്പോസ്‌റ്റിലേറ്റ് ഡയറക്‌ടർ, പാസ്റ്ററൽ സെന്റർ ഡയറക്‌ടർ തുടങ്ങിയ നിലകളിലും ശുശ്രൂഷചെയ്‌തിട്ടുണ്ട്. 2013 മുതൽ 2019 വരെ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മാധ്യമ കമ്മീഷൻ സെക്രട്ടറിയായിരുന്നു.

2024 ജൂലൈ മുതൽ ഇരിങ്ങാലക്കുട രൂപതയുടെ സിഞ്ചെല്ലൂസായി സേവനം ചെയ്തു വരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.