അബുജ: നൈജീരിയയിൽ ക്രൈസ്തവരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ അതിരൂക്ഷമാവുന്നു. കടുന കത്തോലിക്കാ അതിരൂപതയിലെ ഒരു ഇടവക വസതിയിൽ ഇരച്ചുകയറിയ തോക്കുധാരികൾ കത്തോലിക്കാ പുരോഹിതനെ തട്ടിക്കൊണ്ടുപോവുകയും ഒരാളെ വെടിവെച്ച് കൊലപ്പെടുത്തുകയും ചെയ്തു.
നവംബർ 17 തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. കടുന അതിരൂപതയിലെ സെന്റ് സ്റ്റീഫൻ ഇടവക വികാരി ഫാ. ബോബോ പാസ്‌കലിനെയാണ് ഭീകരർ അദേഹത്തിന്റെ വസതിയിൽ നിന്ന് തട്ടിക്കൊണ്ടുപോയത്. ഇതേ ആക്രമണത്തിൽ പങ്കെടുത്ത ഫാ. ആന്റണി യെറോയുടെ സഹോദരനാണ് കൊല്ലപ്പെട്ടതെന്ന് നൈജീരിയൻ മെട്രോപൊളിറ്റൻ സീയുടെ ചാൻസലർ ഫാ. ക്രിസ്റ്റ്യൻ ഒകെവു ഇമ്മാനുവൽ പ്രസ്താവനയിൽ അറിയിച്ചു. കൂടാതെ നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തിട്ടുണ്ട്.
മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും നൈജീരിയയിൽ ദിനംപ്രതി വർധിക്കുകയാണ്. 2009 മുതൽ ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള ഈ രാജ്യത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ബോക്കോ ഹറാം കലാപം ഒരു പ്രധാന വെല്ലുവിളിയായി തുടരുന്നു. രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഫുലാനി തീവ്രവാദികളും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ഭീതി വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.