അബുജ: നൈജീരിയയിൽ സായുധ സംഘം സ്കൂളിൽ അതിക്രമിച്ച് കയറി 25 വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. ഡങ്കോ വസാഗു മേഖലയിലെ ബോർഡിങ് സ്കൂളിലാണ് ആക്രമണമുണ്ടായത്. വടക്കൻ നൈജീരിയയിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. അധ്യാപകനെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് അക്രമി സംഘം വിദ്യാർത്ഥിനികളെ പിടിച്ചുക്കൊണ്ടുപോയത്.
പുലർച്ചെ നാല് മണിയോടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് വക്താവ് നഫിയു അബൂബക്കർ കൊട്ടർകോഷി പറഞ്ഞു. മോട്ടോർ സൈക്കിളിൽ എത്തിയ സായുധരായ അക്രമികൾ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർത്ത ശേഷം ഡോർമിറ്ററികളിൽ നിന്ന് കുട്ടികളെ വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. വനമേഖലയ്‌ക്ക് സമീപമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. വനത്തിനുള്ളിലും സമീപ പ്രദേശങ്ങളിലും തെരച്ചിൽ തുടരുകയാണെന്നും പൊലീസ് വക്താവ് കൂട്ടിച്ചേർത്തു.
മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ നൈജീരിയയിൽ വ്യാപകമാണ്. ഇത്തരം സംഘങ്ങൾക്ക് ബോക്കോ ഹറാം പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുമായും, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയുമായും ബന്ധമില്ലെന്നാണ് റിപ്പോർട്ട്. എന്നാൽ തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഇതുവരെ ഇത്തരം ഗ്രൂപ്പുകൾ ഏറ്റെടുത്തിട്ടില്ല. അതിനാൽ സംഭവത്തിന് പിന്നിൽ ഭീകരസംഘടനകളാണോ എന്നും സംശയിക്കുന്നുണ്ട്.
2014 ൽ പ്രദേശത്ത് നിന്ന് ബൊക്കോ ഹറാം ഭീകരർ 276 വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു. 2024 മാർച്ചിൽ നൈജീരിയൻ സംസ്ഥാനമായ കടുനയിൽ രണ്ടാഴ്ചയിലധികം തടവിൽ കഴിഞ്ഞ 130 ലധികം സ്കൂൾ കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.