ബ്രസീൽ: മുൻ ബ്രസീലിയൻ മോഡലും സൗന്ദര്യ റാണിയുമായിരുന്ന കമീല റോഡ്രിഗസ് കാർഡോസോ മോഡലിംഗ് രംഗത്തോട് വിടചൊല്ലി സന്യാസ ജീവിതം സ്വീകരിച്ചു. 21 വയസുള്ള കമീല ഇനി മുതൽ സിസ്റ്റർ ഇർമ ഇവ എന്ന പേരിലാണ് അറിയപ്പെടുന്നത്. സൗന്ദര്യ മത്സരങ്ങളിൽ കിരീടം നേടുകയും മിസ് ബ്രസീൽ, മിസ് യൂണിവേഴ്സ് പോലുള്ള വേദികളിൽ രാജ്യത്തെ പ്രതിനിധീകരിക്കുകയും ചെയ്ത വ്യക്തിയാണ് കമീല. എന്നാൽ ഈ ലോകം തനിക്ക് തൃപ്തി നൽകിയില്ലെന്ന് സിസ്റ്റർ ഇവ ഒരു ബ്രസീലിയൻ ടെലിവിഷൻ പരിപാടിയിൽ വെളിപ്പെടുത്തി.
പിതാവിൻ്റെ മരണം ഉൾപ്പെടെ ജീവിതത്തിൽ നേരിട്ട ബുദ്ധിമുട്ടുകളെ തുടർന്നാണ് താൻ പ്രാർത്ഥനയിലേക്ക് തിരിഞ്ഞതെന്നും ആ ആശ്വാസമാണ് സന്യാസ ജീവിതത്തിലേക്ക് നയിച്ചതെന്നും അവർ പറഞ്ഞു. 18-ാം വയസിൽ മഠത്തിൽ ചേർന്ന സിസ്റ്റർ ഇവ നിലവിൽ സാന്റാ ഡേ ജെനിട്രിക്സ് കോൺഗ്രീഗേഷൻ എന്ന സന്യാസ സമൂഹത്തിലെ അംഗമാണ്. ഈശോയുടെ മണവാട്ടിയാകാനുള്ള തീരുമാനം പ്രാർത്ഥനാ ജീവിതത്തിലൂടെ ലഭിച്ച വെളിപാടായിരുന്നു എന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
മുൻപ് പ്രശസ്തിയുടെയും ഗ്ലാമറിന്റെയും ലോകത്ത് സജീവമായിരുന്ന സിസ്റ്റർ ആത്മീയ പാതയിലേക്ക് തിരിഞ്ഞത് തന്റെ ആഗ്രഹങ്ങൾ പൂർണമാകാത്തതിൽ നിന്നുണ്ടായ തിരിച്ചറിവിലാണ്. "മോഡലായിരുന്നപ്പോൾ ഞാൻ എന്റെ വിളി കണ്ടെത്തിയെന്ന് കരുതി. എന്നാൽ ഒടുവിൽ ആ ലോകം എന്നെ തൃപ്തിപ്പെടുത്തിയില്ല. ആത്മീയ ജീവിതത്തിൽ ആശ്വാസം തേടി ഞാൻ ജപമാല ചൊല്ലാനും ദിവ്യബലിയിൽ പങ്കെടുക്കാനും തുടങ്ങി."ആത്മീയ പാത തേടുന്നതിനിടയിൽ ഒരു കന്യാസ്ത്രീയിൽ കണ്ട 'തീവ്രമായ വെളിച്ചം' ആണ് തനിക്ക് പ്രചോദനമായതെന്നും അവർ വെളിപ്പെടുത്തി.
ഇന്ന് കന്യാസ്ത്രീയുടെ വേഷത്തിൽ തെരുവുകളിൽ അശരണർക്ക് ഭക്ഷണം നൽകിയും അവരെ പരിചരിച്ചും സിസ്റ്റർ ഇവ സേവനം തുടരുന്നു. ഭൗതികമായ നേട്ടങ്ങൾക്കപ്പുറം മറ്റുള്ളവർക്കായി ജീവിക്കുമ്പോഴാണ് യഥാർത്ഥ സന്തോഷം കണ്ടെത്താൻ സാധിക്കുക എന്ന സന്ദേശമാണ് ഈ യുവതിയുടെ ജീവിതം ലോകത്തിന് നൽകുന്നത്.