വത്തിക്കാൻ സിറ്റി: 'സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർഥനയുടെ ശക്തിയും പ്രാധാന്യവും ഓർമ്മപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. കർത്താവ് എപ്പോഴും നമ്മോടൊപ്പമുണ്ടെന്നും അവിടുത്തെ നന്മയാൽ നാം രൂപാന്തരപ്പെടണമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
ഞായറാഴ്ച, വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ത്രികാലജപ പ്രാർഥനയ്ക്കായി ഒരുമിച്ചുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പാപ്പ. യേശു ശിഷ്യന്മാരെ പഠിപ്പിച്ച 'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർഥന ഉൾപ്പെടെയുള്ള സുവിശേഷ ഭാഗമാണ് (ലൂക്കാ 11: 1- 13) പരിശുദ്ധ പിതാവ് ധ്യാനവിഷയമാക്കിയത്.
'സ്വർഗസ്ഥനായ പിതാവേ' എന്ന പ്രാർഥന എല്ലാ ക്രൈസ്തവരെയും ഒന്നിപ്പിക്കുന്ന പ്രാർത്ഥനയാണെന്ന് ലിയോ പാപ്പാ അഭിപ്രായപ്പെട്ടു. ഒരു ശിശുവിനെപ്പോലെ, ലാളിത്യത്തോടും പുത്രസഹജമായ പ്രത്യാശയോടും ആത്മവിശ്വാസത്തോടും സ്നേഹിക്കപ്പെടുന്നുണ്ടെന്നുള്ള ഉറപ്പോടുംകൂടെ ദൈവത്തെ 'അബ്ബാ, പിതാവേ' എന്നു വിളിക്കാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്.
കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥവും ഇക്കാര്യം നമുക്ക് വ്യക്തമാക്കിത്തരുന്നു. പിതാവിനെ വെളിപ്പെടുത്തുന്നതോടൊപ്പം, നാം ആരാണെന്നും കർതൃപ്രാർത്ഥന നമുക്ക് വെളിപ്പെടുത്തിത്തരുന്നു. എത്രയേറെ ആത്മവിശ്വാസത്തോടെ ഈ പ്രാർഥന നാം പ്രാർഥിക്കുന്നുവോ, അത്രയധികമായി ദൈവസ്നേഹം അനുഭവിച്ചറിയാനും നാം അവിടുത്തെ പ്രിയ മക്കളാണെന്ന് മനസ്സിലാക്കാനും നമുക്ക് സാധിക്കുമെന്ന് പാപ്പാ പറഞ്ഞു.
എല്ലാ നിമിഷവുമുള്ള ദൈവസാന്നിധ്യം
ദൈവത്തിന്റെ പിതൃത്വത്തിന്റെ സവിശേഷതകൾ ഇന്നത്തെ സുവിശേഷ ഭാഗം നമുക്ക് വ്യക്തമാക്കിത്തരുന്നു. അർദ്ധരാത്രിക്ക് തൻ്റെ സ്നേഹിതന് ആവശ്യമുള്ളവ നൽകാനായി എഴുന്നേറ്റുവരുന്ന ഒരു സ്നേഹിതനായും മക്കൾക്ക് നല്ല ദാനങ്ങൾ നൽകുന്നതിനെക്കുറിച്ച് എപ്പോഴും കരുതലുള്ള ഒരു പിതാവായുമാണ് സുവിശേഷം ദൈവത്തെ നമ്മുടെ മുമ്പിൽ വരച്ചുകാട്ടുന്നത്. സാഹചര്യങ്ങൾ എന്തുതന്നെയാകട്ടെ, നാം അരികിൽ ഓടിയെത്തുമ്പോൾ അവിടുന്ന് ഒരിക്കലും നമ്മിൽനിന്ന് മുഖം തിരിച്ചുകളയുന്നില്ല എന്നാണ് ഈ പ്രതീകങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നതെന്ന് മാർപാപ്പ പറഞ്ഞു.
ദൈവം എപ്പോഴും നമ്മെ കേൾക്കുന്നുണ്ടെങ്കിലും, ചിലപ്പോൾ അവിടുത്തെ പ്രതികരണം നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന വിധമായിരിക്കണമെന്നില്ല. കാരണം, അവിടുന്ന് പ്രവർത്തിക്കുന്നത് നമുക്ക് അഗ്രാഹ്യമായ അവിടുത്തെ ജ്ഞാനവും പരിപാലനയും അനുസരിച്ചാണ്. അതിനാൽ, അപ്രകാരമുള്ള അവസരങ്ങളിലും മടുത്തുപോകാതെ നാം പ്രാർഥിക്കണം. എന്തെന്നാൽ അവിടുന്നിൽ മാത്രമാണ് നമുക്ക് പ്രകാശവും ശക്തിയും കണ്ടെത്താനാവുന്നത് .
'സ്വർഗ്ഗസ്ഥനായ പിതാവേ' എന്ന പ്രാർഥന ചൊല്ലുമ്പോൾ, ദൈവമക്കളായിരിക്കുന്നതിന്റെ കൃപ ആഘോഷിക്കുന്നതോടൊപ്പം, ക്രിസ്തുവിൽ സഹോദരീ സഹോദരന്മാരായി പരസ്പരം സ്നേഹിക്കാനുള്ള പ്രതിബദ്ധതയും നാം കാണിക്കണം എന്ന കാര്യം അവിടെ കൂടിയിരുന്നവരെ പരിശുദ്ധ പിതാവ് ഓർമിപ്പിച്ചു.
ദൈവത്തിന്റെ നന്മ പ്രതിഫലിക്കുന്നവരാകുക
കാർത്തേജിലെ വിശുദ്ധ സിപ്രിയാന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് മാർപാപ്പ ഇപ്രകാരം പറഞ്ഞു: 'നാം ദൈവത്തെ പിതാവ് എന്ന് വിളിക്കുന്നുവെങ്കിൽ ദൈവമക്കളെപ്പോലെ പെരുമാറുകയും വേണം.' 'ക്രൂരവും മനുഷ്യത്വരഹിതവുമായ ഒരു ഹൃദയമാണ് നമുക്കുള്ളതെങ്കിൽ ദൈവത്തെ കരുണാമയനായ പിതാവേ എന്ന് വിളിക്കാൻ നമുക്ക് അർഹതയില്ല' എന്ന വിശുദ്ധ ജോൺ ക്രിസോസ്തമിൻ്റെ വാക്കുകളും പാപ്പാ അനുസ്മരിച്ചു.
ഒരേസമയം ദൈവത്തെ പിതാവേ എന്ന് വിളിക്കാനും മറ്റുള്ളവരോട് പരുഷമായും നിർവികാരമായും പെരുമാറാനും നമുക്ക് കഴിയുകയില്ലെന്ന് പാപ്പ പറഞ്ഞു. പകരം, അവിടുത്തെ നന്മ, കരുണ, ക്ഷമ എന്നിവയാൽ നാം രൂപാന്തരപ്പെടണം. അങ്ങനെ ദൈവത്തിന്റെ മുഖം ഒരു കണ്ണാടിയിലെന്നപോലെ നമ്മിൽ പ്രതിഫലിക്കണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു,
അവസാനമായി, ആ ദിവസത്തെ വായനങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട്, ദൈവസ്നേഹം അനുഭവിച്ചറിയാനും ദൈവം നമ്മെ സ്നേഹിക്കുന്നതുപോലെ തുറന്ന മനസ്സോടെയും വഞ്ചന കൂടാതെയും പരസ്പരം കരുതലുള്ളവരായി സ്നേഹിക്കാനും പരിശുദ്ധ പിതാവ് വിശ്വാസികളേവരോടും ആഹ്വാനം ചെയ്തു.