ഓവൽ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 224 റൺസിൽ പുറത്തായി. രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ വെറും 20 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകൾ നഷ്ടമായി.
204 റൺസിന് ആറു വിക്കറ്റ് നഷ്ടത്തിൽ രണ്ടാം ദിനം തുടർന്ന ഇന്ത്യക്കായി ഏറ്റവും വിശ്വാസം തോന്നിച്ചതായിരുന്നു കരുൺ നായർ. എന്നാൽ 57 റൺസെടുത്ത് തിളങ്ങിയ താരം ജോഷ് ടങ്കിന്റെ പന്തിൽ എൽബിഡബ്ല്യുവായി പുറത്തായി. ഉടൻതന്നെ വാഷിംഗ്ടൺ സുന്ദറും (26) പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷകൾ മങ്ങി. ശേഷിച്ച വിക്കറ്റുകളിൽ, മുഹമ്മദ് സിറാജും, പ്രസിദ്ധ് കൃഷ്ണയും, വ്യക്തിഗത സ്‌കോർ തുറക്കുന്നതിനു മുന്‍പേ പുറത്തായതോടെ ഇന്ത്യയുടെ ഇന്നിങ്‌സ് 224 റൺസിൽ ഒതുങ്ങി. കരുൺ നായർ ഒഴികെ മറ്റൊരു ബാറ്റർമാർക്കും ക്രീസിൽ നിലയുറപ്പിച്ചു ബാറ്റേന്താനായില്ല.
ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിൻസൺ 5 വിക്കറ്റുകൾ നേടി, ജോഷ് ടങ്ക് 3 വിക്കറ്റുകൾ നേടി.
പരമ്പരയിൽ 2-1ന് മുൻതൂക്കം നേടിയ ഇംഗ്ലണ്ടിനെതിരായ ഒടുവിലത്തെ മത്സരം ഇന്ത്യക്ക് നിർണായകമാണ്. ഇന്ത്യ വിജയിച്ചാൽ പരമ്പര 2-2ന് സമമായി അവസാനിക്കും. മറിച്ച് ഇംഗ്ലണ്ട് തോൽക്കാതെ മത്സരം സമനിലയിൽ അടുക്കുകയാണെങ്കിൽ ആൻഡേഴ്സൺ-തെണ്ടുൽക്കർ ട്രോഫി ആതിഥേയർ സ്വന്തമാക്കും.
ബൗളിംഗ് നിരയുടെ പ്രകടനത്തിലാണ് ഇനി ഇന്ത്യയുടെ മുഴുവൻ പ്രതീക്ഷയും. രണ്ടാം ഇന്നിങ്സിൽ തിരിച്ചുവരവ് നടത്താനാവുമോ എന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.