ടെൽ അവീവ്: ഗാസ മുനമ്പിൻ്റെ വടക്കൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗാസ സിറ്റി ഏറ്റെടുക്കാനുള്ള പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ പദ്ധതിക്ക് ഇസ്രയേൽ സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം. ഗാസയിൽ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാൻ അഞ്ച് ഉപാധികൾക്കും ഇസ്രയേൽ മന്ത്രിസഭ അംഗീകാരം നൽകി.
ഇസ്രയേൽ സൈന്യം ഗാസ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ തയ്യാറാകുമെന്നും യുദ്ധ മേഖലകൾക്ക് പുറത്തുള്ള സാധാരണക്കാർക്ക് മാനുഷിക സഹായം നൽകുമെന്നും ഏറ്റെടുക്കൽ പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവന പുറത്തിറക്കി.
ഗാസയുടെ പൂർണ സൈനിക നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രായേൽ ഉദ്ദേശിക്കുന്നതായി നെതന്യാഹു കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഗാസ ഭരിക്കാൻ ഉദ്ദേശമില്ലെന്നും സുരക്ഷാ മേഖലയാണ് ലക്ഷ്യമെന്നുമായിരുന്നു നെതന്യാഹുവിൻ്റെ പ്രതികരണം. ഗാസയ്ക്കെതിരായ ആക്രമണം ശക്തമാകുന്നതിൽ ഇസ്രയേലിനകത്തും രാജ്യാന്തര തലത്തിലും വിമർശനം ഉയരുന്നതിനിടെയാണ് നെതന്യാഹുവിൻ്റെ പ്രതികരണം ഉണ്ടായത്.
അതിനിടെ യുദ്ധം അവസാനിപ്പിക്കാൻ അഞ്ച് ഉപാധികൾ ഇസ്രയേൽ മുന്നോട്ടുവെച്ചു. ഹമാസിനെ നിരായുധീകരിക്കുക, ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുക, ഗാസയുടെ സൈനികവൽക്കരണം ഇല്ലാതാക്കുക, ഇസ്രയേൽ സുരക്ഷാ നിയന്ത്രണം ഉറപ്പാക്കുക, ഹമാസോ അതോറിറ്റിയോ ഇല്ലാത്ത ഒരു ഭരണകൂടം സ്ഥാപിക്കുക എന്നിവയാണ് ഉപാധികൾ. യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഏകദേശം 50 ബന്ദികൾ ഗാസയിൽ ഉണ്ടെന്നും 20 പേർ ജീവനോടെയുണ്ടെന്നുമാണ് കണക്കാക്കുന്നത്.