ന്യൂഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ ഇന്ത്യക്കാരൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല ഇന്ത്യയിൽ എത്തി. ഇന്ന് പുലർച്ചെ ഡൽഹി വിമാനത്താവളത്തിൽ അദേഹത്തെ സ്വീകരിക്കാൻ കുടുംബാംഗങ്ങൾ, ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത തുടങ്ങിയവരും ദേശീയ പതാക ഏന്തിയ ഒരു വലിയ ജനക്കൂട്ടവും എത്തിയിരുന്നു.
ജൂൺ 25 ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പറന്നുയർന്ന് ജൂൺ 26 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ആക്സിയം -4 ദൗത്യത്തിലെ പൈലറ്റായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ല. ദൗത്യത്തിനായുള്ള പരിശീലനത്തിനായി അദേഹം ഒരു വർഷമായി യുഎസിലായിരുന്നു. ജൂലൈ 15 ന് കാലിഫോർണിയോടു ചേർന്ന സമുദ്രത്തിലാണ് ശുഭാംശുവും സംഘവും ലാൻഡ് ചെയ്തത്.
2027 ൽ വിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഗഗൻയാൻ മുതൽ ഇന്ത്യയുടെ ബഹിരാകാശ യാത്രാ അഭിലാഷങ്ങൾക്ക് ശുഭാംശുവിൻ്റെ യാത്ര ഊർജമായിമാറിയിട്ടുണ്ട്. 2035 ഓടെ ഒരു ഭാരതീയ അന്തരിക്ഷ് സ്റ്റേഷനും (ഇന്ത്യൻ ബഹിരാകാശ നിലയം) 2040 ഓടെ ചന്ദ്രനിലേക്ക് ഒരു ക്രൂ ദൗത്യവും ഇന്ത്യ ആസൂത്രണം ചെയ്യുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തൻ്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ശുഭാംശുവിൻ്റെ യാത്രയെ കുറിച്ച് പരാമർശിച്ചിരുന്നു. ഓഗസ്റ്റ് 23 ന് ശുഭാംശു ദേശീയ ബഹിരാകാശ ദിനാഘോഷത്തിൽ പങ്കെടുക്കുകയും പ്രധാനമന്ത്രിയെ കാണുകയും ചെയ്യുമെന്നാണ് റിപ്പോർട്ട്.