അതിർത്തി പ്രശ്നം പരിഹരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രി നാളെ ഇന്ത്യയിലെത്തും; അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും

അതിർത്തി പ്രശ്നം പരിഹരിക്കാൻ ചൈനീസ് വിദേശകാര്യ മന്ത്രി നാളെ ഇന്ത്യയിലെത്തും; അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ഇന്ത്യ – ചൈന അതിർത്തി പ്രശ്നം പരിഹരിക്കുന്നതിനായി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി നാളെ ഇന്ത്യയിലെത്തും. ഇന്ത്യ – ചൈന അതിർത്തി മേഖലകളിലെ സംഘർഷാവസ്ഥ ലഘൂകരിച്ചതിനെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയിലെത്തുന്ന വാങ് യി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചർച്ച നടത്തും. 24-മത് ഇന്തോ-ചൈന പ്രത്യേക പ്രതിനിധി യോഗത്തിലും വാങ് യി പങ്കെടുക്കും.

“ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ക്ഷണപ്രകാരം കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പൊളിറ്റ്ബ്യൂറോ അംഗവും ചൈനീസ് വിദേശകാര്യ മന്ത്രിയുമായ വാങ് യി 2025 ഓഗസ്റ്റ് 18-19 തീയതികളിൽ ഇന്ത്യ സന്ദർശിക്കും,” വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം തുടരുന്നതിലെ ഒരു സുപ്രധാന ചുവടുവയ്പ്പായാണ് ഈ സന്ദർശനം. ട്രംപിൻ്റെ തിരുവ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിലാണ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യ സന്ദർശനം എന്ന പ്രത്യേകതയുമുണ്ട്.

ടിയാൻജിനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈന സന്ദർശിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് വാങ് യിയുടെ നിർണായക ഇന്ത്യാ പര്യടനം. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓഗസ്റ്റ് 31ന് ചൈനയിലെ ടിയാൻജിനിലേക്ക് പോകും. ഓഗസ്റ്റ് 31മുതൽ സെപ്റ്റംബർ ഒന്ന് വരെ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ എന്നിവർക്കൊപ്പമാണ് പങ്കെടുക്കുക.

അഞ്ച് വർഷത്തിന് ശേഷമാണ് മോഡി ചൈനയിലെത്തുന്നത്. എസ്‌സി‌ഒയിലെ എല്ലാ അംഗരാജ്യങ്ങളും 10 അന്താരാഷ്ട്ര സംഘടനകളുടെ തലവന്മാരും ഉൾപ്പെടെ 20 ലധികം രാജ്യങ്ങളിലെ നേതാക്കൾ പരിപാടികളിൽ പങ്കെടുക്കുമെന്ന് ചൈനീസ് മന്ത്രാലയ വക്താവ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.