സ്ഥിരോൽസാഹത്തോടെ നന്മ ചെയ്യുക; ധിക്കരിക്കുന്നവരോട് സ്നേഹത്തോടെ പ്രതികരിക്കുക: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

സ്ഥിരോൽസാഹത്തോടെ നന്മ ചെയ്യുക; ധിക്കരിക്കുന്നവരോട് സ്നേഹത്തോടെ പ്രതികരിക്കുക: മാർപാപ്പയുടെ ഞായറാഴ്ച സന്ദേശം

വത്തിക്കാൻ സിറ്റി: നന്മ ചെയ്യുന്നതിൽ സ്ഥിരോത്സാഹമുള്ളവരാകാനാണ് കർത്താവ് നമ്മെ വിളിക്കുന്നതെന്ന് ഓർമ്മപ്പെടുത്തി ലിയോ പതിനാലാമൻ മാർപാപ്പ. ലോകത്തിൽ നുണകൾ തിരഞ്ഞെടുക്കുന്നവർക്കിടയിൽ, സത്യം പ്രവർത്തിക്കുന്നതിന് അതിന്റേതായ വില നൽകേണ്ടി വരുമെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.

ഞായറാഴ്ച ക്യാസിൽ ഗണ്ടോൾഫോയിൽ ത്രികാലജപ പ്രാർഥന നയിക്കുന്നതിനു മുമ്പായി വിശ്വാസികൾക്കുള്ള സന്ദേശം നൽകവെയാണ് പാപ്പാ ഇക്കാര്യങ്ങൾ പറഞ്ഞത്. ധിക്കാരം കാണിക്കുന്നവരോട് പ്രതികാരബുദ്ധിയോടെയല്ല മറിച്ച്, സ്നേഹത്തിൽ സത്യത്തോടു വിശ്വസ്തത പുലർത്തിക്കൊണ്ട് പ്രതികരിക്കണമെന്ന് മാർപാപ്പ ഉദ്ബോധിപ്പിച്ചു. വ്യത്യസ്ത സാഹചര്യങ്ങളിലും വഴികളിലുമാണെങ്കിലും, ഇക്കാര്യത്തിൽ നാം മാതൃകയാക്കേണ്ടത് രക്തസാക്ഷികളെയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ക്രിസ്തുവിനെ പിഞ്ചെല്ലുന്നവർക്ക് പീഡനങ്ങൾ നേരിടേണ്ടി വന്നേക്കുമെന്ന് പാപ്പാ ഊന്നിപ്പറഞ്ഞു. കാരണം, അവിടുന്നുതന്നെ 'വിവാദവിഷയമായ അടയാളം' ആയിരുന്നു. അവിടുത്തെ വഴികൾ റോസാപ്പൂക്കളുടെ മെത്ത വിരിച്ചതായിരുന്നില്ല.

സ്നേഹത്തിന്റെയും നീതിയുടേതുമായ തന്റെ സന്ദേശം തിരസ്കരിക്കപ്പെടുമെന്നും അക്കാരണത്താൽ താൻ എതിർക്കപ്പെടുകയും ബന്ധിപ്പിക്കപ്പെടുകയും അടികളും അപമാനവും ഏറ്റുവാങ്ങുകയും ക്രൂശിക്കപ്പെടുകയും ചെയ്യുമെന്ന കർത്താവിന്റെ വാക്കുകൾ മാർപാപ്പ അനുസ്മരിച്ചു. കർത്താവു നൽകിയ സ്നേഹത്തിൻ്റെ പ്രമാണങ്ങൾ തങ്ങളാലാവുംവിധം പാലിച്ചുകൊണ്ട് സമാധാനത്തിൽ കഴിഞ്ഞിരുന്ന ആദിമ ക്രൈസ്തവ സമൂഹങ്ങൾക്കും പീഡനങ്ങൾ സഹിക്കേണ്ടിവന്നതായി പാപ്പാ വിശദീകരിച്ചു.

സ്ഥിരോൽസാഹത്തോടെ നന്മ ചെയ്യുക

നമ്മെ സഹനങ്ങൾക്ക് ഇരയാക്കുന്നവർക്കുപോലും അവിടുത്തെ സഹായത്താൽ, തിരികെ നന്മ ചെയ്യുന്നതിൽ സ്ഥിരോൽസാഹം കാണിക്കാനാണ് യേശു നമ്മെ ക്ഷണിക്കുന്നത്. ഇതിൽ നാം മടുത്തു പോവുകയോ ലൗകിക ചിന്താഗതികൾക്ക് അനുരൂപരാവുകയോ ചെയ്യരുത്. ധിക്കാരങ്ങൾക്കെതിരെ പ്രതികാരബുദ്ധിയോടെയല്ല പ്രതികരിക്കേണ്ടത്, പകരം സ്നേഹത്തിൽ സത്യത്തോടു വിശ്വസ്തത പുലർത്തുകയാണ് നാം ചെയ്യേണ്ടത്.

സുവിശേഷവിളിക്ക് അനുസൃതമായി ജീവിക്കുക

സത്യത്തോടുള്ള ഈ വിശ്വസ്തതയാണ് രക്തസാക്ഷികൾ തങ്ങളുടെ രക്തം ചൊരിഞ്ഞുപോലും പ്രകടിപ്പിച്ചതെന്ന് പാപ്പ വ്യക്തമാക്കി. വ്യത്യസ്തമായ സാഹചര്യങ്ങളിലും വഴികളിലും ആണെങ്കിൽപോലും അവരുടെ മാതൃക നമുക്കും അനുകരിക്കാൻ സാധിക്കണമെന്ന് പാപ്പാ കൂട്ടിച്ചേർത്തു.

ഉദാഹരണമായി, നല്ല മാതാപിതാക്കൾ കുട്ടികളെ ശരിയായ മൂല്യങ്ങൾ പഠിപ്പിക്കണമെങ്കിൽ, അവർ നൽകേണ്ട വിലയെക്കുറിച്ച് നമുക്ക് ചിന്തിക്കാം. തങ്ങൾക്ക് മനോവേദന ഉളവാക്കുമെങ്കിൽപോലും, അവർക്ക് ചില കാര്യങ്ങളിൽ കുട്ടികളോട് 'അരുത്' എന്നു പറയുകയും അവരെ തിരുത്തുകയും ചെയ്യേണ്ടിവരും.

വിദ്യാർഥികൾക്ക് ശരിയായ രൂപവൽക്കരണം നൽകാൻ ആഗ്രഹിക്കുന്ന ഒരു അധ്യാപകനോ, തങ്ങളുടെ ദൗത്യങ്ങൾ ശരിയായ നിർവഹിക്കാൻ ആഗ്രഹിക്കുന്ന ഒരു ജോലിക്കാരനോ, രാഷ്ട്രീയക്കാരനോ, ആത്മീയ അധികാരിയോ ആരുമായിക്കൊള്ളട്ടെ, സുവിശേഷ പഠനങ്ങൾക്കനുസരിച്ച് ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന എല്ലാവർക്കും ഇതുതന്നെ സംഭവിക്കും.

ക്രിസ്തുവിന്റെ വിശ്വസ്തരും ധീരരുമായ സാക്ഷികളാവുക

അവസാനമായി, രക്തസാക്ഷികളുടെ രാജ്ഞിയായ മറിയത്തോടു പ്രാർത്ഥിക്കാനും എല്ലാ സാഹചര്യങ്ങളിലും അവളുടെ പുത്രന്റെ വിശ്വസ്തരും ധീരരുമായ സാക്ഷികളാകാൻ അവളുടെ സഹായം തേടാനും, വിശ്വാസത്തെപ്രതി പീഡകൾ സഹിക്കുന്ന സഹോദരീ സഹോദരന്മാർക്ക് പ്രാർത്ഥനയുടെ പിന്തുണ നൽകാനും ആഹ്വാനം ചെയ്തുകൊണ്ട് ലിയോ പാപ്പാ തൻ്റെ സന്ദേശം ഉപസംഹരിച്ചു.

മാർപാപ്പമാരുടെ ഇതുവരെയുള്ള ഞായറാഴ്ച ദിന സന്ദേശങ്ങൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.