ലിയോ മാർപാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനം ലബനനിലേക്കെന്ന് സൂചന

ലിയോ മാർപാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനം ലബനനിലേക്കെന്ന് സൂചന

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനം ലബനനിലേക്കെന്ന് സൂചന. വത്തിക്കാന്‍ യാത്രയെക്കുറിച്ച് പഠിക്കുകയാണെന്നും ഔദ്യോഗിക തീയതികള്‍ക്കായി കാത്തിരിക്കുകയാണെന്നും മറോനൈറ്റ് പാത്രിയാര്‍ക്കേറ്റിന്റെ വികാരി ജനറലായ ആര്‍ച്ച് ബിഷപ്പ് പോള്‍ സായ പറഞ്ഞു.

നേരത്തെ ലബനനില്‍ നിന്നുള്ള കര്‍ദിനാള്‍ ബെച്ചാര ബുത്രോസ് റായി ഡിസംബറിന് മുമ്പ് പാപ്പ ലബനന്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞിരുന്നു. ജനസംഖ്യയുടെ 40 ശതമാനത്തോളമാളുകള്‍ ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ലബനന്‍ മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവ സാന്നിധ്യമുള്ള പ്രധാനപ്പെട്ട രാഷ്ട്രമാണ്.

നവംബര്‍ അവസാനം നിഖ്യ കൗണ്‍സിലിന്റെ 1,700-ാം വാര്‍ഷികത്തിനായി പാപ്പ തുര്‍ക്കിയിലേക്ക് നടത്താന്‍ സാധ്യതയുള്ള യാത്രയുമായി ഇത് ഏകോപിപ്പിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നിഖ്യാ കൗണ്‍സിലിന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ ലിയോ പാപ്പ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ബനഡിക്ട് പതിനാറാമന്‍ പാപ്പായുടെ അവസാന വിദേശ യാത്ര 2012 സെപ്റ്റംബറില്‍ ലബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിലേക്കായിരുന്നു. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ ലബനനെ ‘ഒരു രാഷ്ട്രത്തേക്കാള്‍ ഉപരി, അതൊരു സന്ദേശമാണ്’ എന്നാണ് വിശേഷിപ്പിച്ചത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.