സംസ്ഥാന വന്യമൃഗ ആക്രമണ ലഘൂകരണ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി സംഘര്‍ഷം തടയുന്നതില്‍ കേന്ദ്രത്തിന് നിസഹകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രശ്ന പരിഹാരത്തിനായി സംസ്ഥാനം മുന്നോട്ടു വച്ച നിര്‍ദേശങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല.
സംസ്ഥാനത്തിന്റെ നിര്‍ദേശങ്ങളില്‍ അനുകൂലമായി പ്രതികരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാനുള്ള തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.
മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നാല്‍പ്പത്തഞ്ച് ദിവസം നീണ്ടു നില്ക്കുന്ന കര്‍മ പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാല്‍പ്പത്തഞ്ച് ദിവസം കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി പദ്ധതി നടപ്പാക്കും.
ഓരോ ഘട്ടത്തിനും 15 ദിവസമാണ് കാലാവധി. ഇത് സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കും. ഇതിനായി തദ്ദേശ തലത്തില്‍ ഹെല്‍പ്പ് ഡെസ്കുകള്‍ രൂപീകരിക്കും. ഈ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുള്ള വിമര്‍ശനങ്ങള്‍ വസ്തുത കാണാതെയാണെന്നും പിണറായി വിജയന് പറഞ്ഞു.
നമ്മുടെ നാട് നേരിടുന്ന വന്യ ജീവി ആക്രമണം എങ്ങനെ ലഘൂകരിക്കാം എന്നതിനായുള്ള തീവ്രയജ്ഞ പരിപാടിയാണ് വനംവകുപ്പ് തയാറാക്കുന്നത്. കാടും നാടും തമ്മിലുള്ള അതിരുകള്‍ ലംഘിച്ചുകൊണ്ടുള്ള വന്യ ജീവികളുടെ സഞ്ചാരം പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുകയാണ്. വന്യ ജീവികളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.
പക്ഷെ മനുഷ്യരുടെ ജീവനു സ്വത്തിനും സംരക്ഷണം നല്‍കേണ്ടതും ജീവല്‍ പ്രധാനമാണ്. രണ്ട് കാര്യങ്ങള്‍ക്കും ഒരേ പ്രാധാന്യം നല്കുന്ന ഒരു ഇടപെടലിനാണ് ഇപ്പോള്‍ തുടക്കം കുറിക്കുന്നത്. വന്യ ജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥ വലിയ തോതില്‍ തകരുന്ന നിലയാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ 884 പേരാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 594 പേരും വനത്തിന് പുറത്ത് പാമ്പ് കടിയേറ്റാണ് മരിച്ചത്. കഴിഞ്ഞ വര്‍ഷം വന്യജീവി ആക്രമണത്തെ സവിശേഷ ആക്രമണമായി പ്രഖ്യാപിച്ചിരുന്നു. വന്യജീവി ആക്രമണം തടയാന്‍ സോളാര്‍ വേലികള്‍ സ്ഥാപിച്ചിരുന്നു.
തീവ്രയഞ്ജ പരിപാടിയില്‍ 1954 കിലോ മീറ്റര്‍ സോളാര്‍ ഫെന്‍സിങ് പ്രവര്‍ത്തന ക്ഷമമാക്കി. പുതുതായി 794 കിലോ മീറ്റര്‍ ഫെന്‍സിങ് നിര്‍മാണം നടക്കുന്നുണ്ട്. വന്യ മൃഗങ്ങള്‍ക്ക് സ്വാഭാവികമായ ആവാസ വ്യവസ്ഥ കാട്ടിനുള്ളില്‍ തന്നെ സൃഷ്ടിക്കേണ്ടതുണ്ട്. കൂടുതല്‍ ചര്‍ച്ചകളും പരിശോധനകളും പൂര്‍ത്തിയാക്കി സംസ്ഥാന വന്യമൃഗ ആക്രമണ ലഘൂകരണ നയം ഉടന്‍ പ്രഖ്യാപിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.