ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയുടെ എണ്ണ വാങ്ങലുകൾ സാമ്പത്തികവും വാണിജ്യപരവുമായ പരിഗണനകളെ മുൻനിർത്തിയായിരിക്കുമെന്നും അവർ പ്രസ്താവിച്ചു. യുഎസ് ചുമത്തിയ അധിക താരിഫുകളുടെ ആഘാതം കുറയ്ക്കാൻ ചരക്ക് സേവന നികുതി ( ജിഎസ്ടി ) പരിഷ്കാരങ്ങളിലൂടെ ഒരു പരിധി വരെ കഴിയുമെന്നും മന്ത്രി സൂചിപ്പിച്ചു.
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഇന്ത്യ തങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുമെന്നും എവിടെ നിന്നാണ് വാങ്ങേണ്ടതെന്ന് തീരുമാനിക്കുന്നത് രാജ്യത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള തീരുമാനങ്ങൾ സ്വന്തം താൽപ്പര്യങ്ങൾക്കനുസരിച്ചായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്രൂഡ് ഓയിൽ ഉപഭോക്താക്കളാണ്. ഏകദേശം 88 ശതമമാനം ആവശ്യകതയും ഇറക്കുമതിയെ ആശ്രയിച്ചാണ് നടക്കുന്നത്. റഷ്യൻ ക്രൂഡ് സാധാരണയായി കിഴിവിലാണ് ലഭിക്കുന്നത്. ഇത് കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഇന്ത്യക്ക് വലിയ തോതിലുള്ള വിദേശനാണയം ലാഭിക്കാൻ സഹായിച്ചിട്ടുണ്ട്. എണ്ണയ്ക്ക് ഉപരോധമില്ലാത്ത കാലത്തോളം ഏറ്റവും മികച്ച ഡീൽ എവിടെ നിന്നാണോ ലഭിക്കുന്നത് അവിടെ നിന്ന് വാങ്ങുമെന്ന് ഇന്ത്യൻ സർക്കാർ സ്ഥിരമായി നിലപാട് എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.