“ഭയം, പാലായനം, മൃതദേഹങ്ങൾ”... ഇവ നിറഞ്ഞ ഭൂമിയായി നൈജീരിയ മാറിയെന്ന് ആർച്ച്‌ ബിഷപ്പ് ലൂഷ്യസ് ഇവെജുരു ഉഗോർജി

“ഭയം, പാലായനം, മൃതദേഹങ്ങൾ”... ഇവ നിറഞ്ഞ ഭൂമിയായി നൈജീരിയ മാറിയെന്ന് ആർച്ച്‌ ബിഷപ്പ് ലൂഷ്യസ് ഇവെജുരു ഉഗോർജി

അബുജ: നൈജീരിയ ഇന്ന് “ഭയം, പാലായനം, മൃതദേഹങ്ങൾ” എന്നിവ നിറഞ്ഞ ഭൂമിയാണെന്ന് കത്തോലിക്കാ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റ് ആർച്ച്‌ ബിഷപ്പ് ലൂഷ്യസ് ഇവെജുരു ഉഗോർജി. അബുജയിൽ നടന്ന മെത്രാന്മാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.

കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, പണം പിടിച്ചുപറി എന്നിവ മൂലം ആയിരക്കണക്കിന് ആളുകൾ വീടുകൾ വിട്ട് ഒഴിഞ്ഞുപോകുകയാണെന്നും പലരും അഭയാർത്ഥി ക്യാമ്പുകളിൽ ഭക്ഷണവും കുടിവെള്ളമില്ലാതെ കഴിയുകയാണെന്നും ആർച്ച്‌ ബിഷപ്പ് പറഞ്ഞു.

സാമ്പത്തിക രംഗം ഭീകരമായ തൊഴിൽ ക്ഷാമം നേരിടുകയാണ്. പ്രത്യേകിച്ച് യുവാക്കളിലെ തൊഴിലില്ലായ്മ കുറ്റകൃത്യങ്ങളുടെയും അനധികൃത കുടിയേറ്റത്തിന്റെയും കാരണമാകുകയാണെന്നും ആർച്ച്‌ ബിഷപ്പ് ചൂണ്ടിക്കാട്ടി.

ആരോഗ്യ രംഗത്തെ ചികിത്സാ സൗകര്യങ്ങളുടെ ക്ഷാമം, ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും വിദേശ കുടിയേറ്റം, ഭരണാധികാരികളുടെ വിദേശ മെഡിക്കൽ ടൂറിസം തുടങ്ങിയവയും രാജ്യത്തെ പ്രതിസന്ധിയിലേക്ക് നയിച്ചു. വിദ്യാഭ്യാസ മേഖലയിലെ പണമില്ലായ്മ, സൗകര്യങ്ങളുടെ അപര്യാപ്തത, അധ്യാപക ക്ഷാമം എന്നിവയും രാജ്യത്തിന്റെ ഭാവിയെ ഭീഷണിപ്പെടുത്തുന്നുവെന്ന് ആർച്ച് ബിഷപ്പ് മുന്നറിയിപ്പ് നൽകി.

“അഴിമതി രാജ്യത്തെ മുഴുവൻ ദുരിതത്തിലാക്കി. ജനങ്ങളുടെ ദുരിതം കണ്ടിട്ടും രാഷ്ട്രീയ നേതാക്കൾ 2027ലെ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പിലാണ് മുഴുകിയിരിക്കുന്നത്,” ആർച്ച്‌ ബിഷപ്പ് ഉഗോർജി ആരോപിച്ചു.

നീതി, നന്മ, നല്ല ഭരണ സംവിധാനം എന്നിവയ്ക്കായി സാധാരണ വിശ്വാസികൾ മുന്നോട്ട് വരേണ്ടത് അനിവാര്യമാണെന്ന് ആർ‌ച്ച് ബിഷപ്പ് ഓർമ്മപ്പെടുത്തി. ജനങ്ങൾ രാഷ്ട്രീയ ബോധവൽക്കരണത്തിൽ പങ്കുചേരണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.