വനം വന്യ ജീവി നിയമ ഭേദഗതി: നിയമസഭയില്‍ പിന്തുണച്ച് പ്രതിപക്ഷം

വനം വന്യ ജീവി നിയമ ഭേദഗതി: നിയമസഭയില്‍ പിന്തുണച്ച് പ്രതിപക്ഷം

തിരുവനന്തപുരം: വനം വന്യജീവി നിയമഭേദഗതി ബില്ലുകള്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന ആരോപണം ഉന്നയിച്ചെങ്കിലും നിയമസഭയില്‍ പിന്തുണച്ച് പ്രതിപക്ഷം. കേന്ദ്ര നിയമത്തിന് വിരുദ്ധമായി സംസ്ഥാനം നിയമമുണ്ടാക്കിയാല്‍ നിലനില്‍ക്കുമോ എന്ന സംശയം പ്രതിപക്ഷ നേതാവ് പ്രകടിപ്പിച്ചു.

വോട്ട് ലക്ഷ്യം വെച്ചുള്ള ബില്ലാണെന്ന സന്ദേശം ജനങ്ങള്‍ക്ക് നല്‍കരുതെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സബ്ജക്ട് കമ്മിറ്റിക്ക് വിട്ട് ബില്ലുകള്‍ ഈ നിയമസഭ സമ്മേളന കാലയളവില്‍ തന്നെ പാസാക്കും. ജനവാസ മേഖലയില്‍ ഇറങ്ങുന്ന ഏതെങ്കിലും വന്യ മൃഗങ്ങള്‍ മനുഷ്യരെ ആക്രമിച്ചാല്‍ ഉടനെ അതിനെ കൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അധികാരം നല്‍കുന്നതാണ് വന്യജീവി സംരക്ഷണ ഭേദഗതി ബില്‍.

സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് മുഖേനെ മുറിച്ചു വില്‍പന നടത്തുന്നതിന് അനുമതി നല്‍കുന്നതാണ് വനം ഭേദഗതി ബില്‍. മലയോര ജനതയെ ബാധിക്കുന്ന ബില്ലിന്മേലുള്ള ചര്‍ച്ച വിശദമായിത്തന്നെ സഭയില്‍ നടന്നു. ബില്ല് തിരഞ്ഞെടുപ്പ് അജണ്ട ആണെന്ന് ആയിരുന്നു പ്രതിപക്ഷത്തിന്റെ പൊതുവേയുള്ള ആരോപണം. കേന്ദ്ര നിയമത്തിന് വിരുദ്ധമായി സംസ്ഥാനം നിയമം ഉണ്ടാക്കിയാല്‍ അത് പേപ്പറിലെ ഉണ്ടാകൂ എന്ന് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെങ്കിലും പിന്തുണയ്ക്കുന്നു എന്ന് പ്രതിപക്ഷം വ്യക്തമാക്കി.

ഭരണ പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് വനം വകുപ്പ് മന്ത്രി പറഞ്ഞു. ചര്‍ച്ചകള്‍ക്കൊടുവില്‍ ബില്ലുകള്‍ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.