'ആ പുസ്തകങ്ങള്‍ പഠിക്കേണ്ട'; അഫ്ഗാന്‍ സര്‍വകലാശാല പാഠ്യപദ്ധതിയില്‍ നിന്ന് സ്ത്രീകളെഴുതിയ പുസ്തകങ്ങള്‍ നിരോധിച്ച് താലിബാന്‍

'ആ പുസ്തകങ്ങള്‍ പഠിക്കേണ്ട'; അഫ്ഗാന്‍ സര്‍വകലാശാല പാഠ്യപദ്ധതിയില്‍ നിന്ന് സ്ത്രീകളെഴുതിയ പുസ്തകങ്ങള്‍ നിരോധിച്ച് താലിബാന്‍

കാബൂള്‍: സ്ത്രീ വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്നതില്‍ കുപ്രസിദ്ധരാണ് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം. പെണ്‍കുട്ടികളുടെ പഠനം, സ്ത്രീകളുടെ വസ്ത്ര ധാരണം തുടങ്ങി പല കാര്യങ്ങളിലും കര്‍ശന നിലപാടാണ് താലിബാനുള്ളത്.

ഇപ്പോഴിതാ സര്‍വകലാശാലാ പാഠ്യപദ്ധതിയില്‍ നിന്ന് സ്ത്രീകള്‍ എഴുതിയ പുസ്തകങ്ങള്‍ നിരോധിച്ചിരിക്കുകയാണ് താലിബാന്‍ ഭരണകൂടം. അഫ്ഗാനിസ്ഥാനിലെ മനുഷ്യാവകാശത്തെക്കുറിച്ചും ലൈംഗിക ചൂഷണത്തെക്കുറിച്ചും പഠിപ്പിക്കുന്നതിനും വിലക്കുണ്ട്.

ശരിഅത്തിനും ഭരണകൂടത്തിന്റെ നയത്തിനും വിരുദ്ധമെന്ന് കണ്ടെത്തിയതിന് പിന്നാലെ 18 വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്മെന്റ്, ആശയ വിനിമയത്തില്‍ സ്ത്രീകളുടെ പങ്ക്, സ്ത്രീകളുടെ സാമൂഹിക ശാസ്ത്രം തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട ആറ് വിഷയങ്ങളും ഉള്‍പ്പെടുന്നു.

മതപണ്ഡിതരുടെയും വിദഗ്ധരുടെയും സമിതിയാണ് തീരുമാനം കൈക്കൊണ്ടതെന്ന് താലിബാന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടര്‍ സിയാവുര്‍ റഹ്‌മാന്‍ അര്യൂബി പറഞ്ഞു.

അസന്മാര്‍ഗികത തടയാനെന്ന പേരില്‍ ചുരുങ്ങിയത് പത്ത് പ്രവിശ്യകളിലെങ്കിലും ഈയാഴ്ച ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് സേവനത്തിനും താലിബാന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.